വയനാട് ഹർത്താൽ പൂർണം
1480470
Wednesday, November 20, 2024 5:14 AM IST
കൽപ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാനും പ്രത്യേക സാന്പത്തിക സഹായം അനുവദിക്കാനും കേന്ദ്ര സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫും എൽഡിഎഫും ജില്ലയിൽ വെവ്വേറെ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം.
രാവിലെ ആറിന് ആരംഭിച്ച ഹർത്താൽ വൈകുന്നേരം ആറിനാണ് സമാപിച്ചത്. ഹർത്താൽ അനുകൂലികൾ അങ്ങിങ്ങ് വാഹനങ്ങൾ തടഞ്ഞത് ഒഴിച്ചാൽ ജില്ലയിൽ എവിടെയും അനിഷ്ട സംഭവങ്ങൾ ഇല്ല.
കൽപ്പറ്റ, ബത്തേരി, മാനന്തവാടി ഉൾപ്പെടെ ടൗണുകളിൽ കടകൾ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകൾ ഓടിയില്ല. പുലർച്ചെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ദീർഘദൂര സർവീസുകൾ കെഎസ്ആർടിസി നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. സർക്കാർ ഓഫീസുകളിൽ ഹാജർ കുറവായിരുന്നു.
ഹർത്താൽ അനുകൂലികൾ ബത്തേരി, മാനന്തവാടി, മീനങ്ങാടി, കൽപ്പറ്റ, ലക്കിടി, തോൽപ്പെട്ടി എന്നിവിടങ്ങളിൽ സ്വകാര്യ വാഹനങ്ങൾ തടഞ്ഞു. കുറച്ചുസമയമാണ് വാഹനങ്ങൾ തടഞ്ഞിട്ടത്. മാനന്തവാടിയിൽ തുറന്ന ധനകാര്യ സ്ഥാപനങ്ങൾ എൽഡിഎഫ് പ്രവർത്തകർ അടപ്പിച്ചു. നഗരങ്ങളിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി. നിയോജകമണ്ഡലം ആസ്ഥാനങ്ങളിൽ യുഡിഎഫ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി.
കൽപ്പറ്റയിൽ ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ടി. ഹംസ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, യുഡിഎഫ് നിയോജമണ്ഡലം കണ്‍വീനർ പി.പി. ആലി, റസാഖ് കൽപ്പറ്റ, ടി.ജെ. ഐസക്, സലിം മേമന, സി. ജയപ്രസാദ്, പി. വിനോദ്കുമാർ, പ്രവീണ്‍ തങ്കപ്പൻ, നജീബ് കരണി, കെ.കെ. ഹനീഫ, അലവി വടക്കേതിൽ, എം.പി. നവാസ്, ബി. സുരേഷ് ബാബു, എൻ. മുസ്തഫ, ഗിരീഷ് കൽപ്പറ്റ, ഹർഷൽ കോന്നാടൻ, ഗൗതം ഗോകുൽദാസ് എന്നിവർ പ്രസംഗിച്ചു. മാനന്തവാടിയിൽ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ എൻ.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. കണ്‍വീനർ പടയൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി, ഡിസിസി ജനറൽ സെക്രട്ടറിയും മുനിസിപ്പൽ കൗണ്‍സിലറുമായ പി.വി. ജോർജ്, കർഷക നേതാവ് പി.ടി. ജോണ്‍, സി. കുഞ്ഞബ്ദുള്ള, ജോസഫ് കളപ്പുര, സുനിൽ ആലിക്കൽ, കടവത്ത് മുഹമ്മദ്, റഷീദ് പടയൻ, എൻ.പി. ശശികുമാർ, ഗിരിജ മോഹൻദാസ്, പി.എം. ബെന്നി, വി.യു. ജോയ്, ബാബു പുളിക്കൽ എന്നിവർ പ്രസംഗിച്ചു. ഉനൈസ് പിലാക്കാവ്, കബീർ പെരിങ്ങോലൻ, സുശോബ് ചെറുകുന്പം, തോമസ് സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ഡി.പി. രാജശേഖരൻ അധ്യക്ഷത വഹിച്ചു. ബാബു പഴുപ്പത്തൂർ, സതീഷ് പൂതിക്കാട്, എൻ.എം. വിജയൻ, അബ്ദുള്ള മാടക്കര, ഉമ്മർ കുണ്ടാട്ടിൽ എന്നിവർ പ്രസംഗിച്ചു. ഹർത്താൽ വിജയിപ്പിച്ച ജനങ്ങൾക്ക് അഭിവാദ്യം അർപ്പിച്ച് എൽഡിഎഫ് പ്രവർത്തകർ കൽപ്പറ്റയിൽ നടത്തിയ പ്രകടനത്തിന് നേതാക്കളായ സി.കെ. ശശീന്ദ്രൻ, കെ. റഫീഖ്, വി. ഹാരിസ്,, പി.രെ. അനിൽകുമാർ, സി.കെ. ശിവരാമൻ തുടങ്ങിയവർ നേതൃത്വം നൽകി.
പുൽപ്പള്ളി: എൽഡിഎഫ്, യുഡിഎഫ് ഹർത്താൽ കുടിയേറ്റ മേഖലയിൽ പൂർണം. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ കടകന്പോളങ്ങൾ അടഞ്ഞുകിടന്നു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. ഹർത്താലിന്റെ ഭാഗമായി യുഡിഎഫ് പവർത്തകർ ടൗണിൽ പ്രകടനം നടത്തി. ഡിസിസി നറൽ സെക്രട്ടറി എൻ.യു. ഉലഹന്നാൻ, പി.ഡി. ജോണി, കെ.എം. എൽദോസ്, സജി വരിപ്പാമറ്റം തുടങ്ങിയവർ നേതൃത്വം നൽകി.