കേന്ദ്ര നിലപാടിനെതിരായ പ്രതിഷേധം ; വയനാട്ടിൽ ഇന്ന് ഹർത്താൽ
1480262
Tuesday, November 19, 2024 6:29 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും പുനരധിവാസത്തിനടക്കം പ്രത്യേക സാന്പത്തിക സഹായം അനുവദിക്കാനും കേന്ദ്ര സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ യുഡിഎഫും എൽഡിഎഫും വെവ്വേറെ ആഹ്വാനം ചെയ്ത ഹർത്താൽ ഇന്ന്.
രാവിലെ ആറ് മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ. പുനരധിവാസ പ്രവർത്തനങ്ങളിലെ മന്ദഗതിയിലും ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന ആവശ്യത്തിൽ നടപടി ഉണ്ടാകാത്തതിലും പ്രതിഷേധിച്ചുമാണ് യുഡിഎഫ് ഹർത്താൽ.
ഹർത്താലുമായി വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി കോണ്ഗ്രസ് എന്നിവ സഹകരിക്കും.
പുഞ്ചിരിമട്ടം ദുരന്തബാധിതർക്ക് ഐക്യദാർഢ്യം അറിയിച്ച് ജില്ലയിൽ മുഴുവൻ കടകളും ഹർത്താൽ സമയം അടച്ചിടുമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി പി. പ്രസന്നകുമാർ, വ്യാപാരി വ്യവസായി കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി വേണുഗോപാൽ കിഴിശേരി, ജില്ലാ പ്രസിഡന്റ് ഫൈസൽ പാപ്പിന എന്നിവർ അറിയിച്ചു. സിപിഎം ആഭിമുഖ്യമുള്ള വ്യാപാരി സംഘടനയാണ് വ്യാപാരി വ്യവസായി സമിതി.
കോണ്ഗ്രസ് അനുകൂല സംഘടനയാണ് വ്യാപാരി വ്യവസായി കോണ്ഗ്രസ്. ഹർത്താലിനോടുള്ള സമീപനത്തിൽ വ്യാപാരി വ്യവസായി ഏകാപന സമിതി യോഗം ചേർന്ന് തീരുമാനം എടുത്തിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ജോജിൻ ടി. ജോയി, ജില്ലാ സെക്രട്ടറി കെ. ഉസ്മാൻ എന്നിവർ പറഞ്ഞു.
ജില്ലയിൽ സ്വകാര്യ ബസുകൾ ഇന്ന് സർവീസ് നിർത്തിവയ്ക്കുമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.കെ. ഹരിദാസ് പറഞ്ഞു. ഇടതു, വലതു മുന്നണികൾ ഹർത്താൽ ആഹ്വാനം ചെയ്ത സാഹചര്യത്തിൽ യാത്രക്കാർ തീരേ കുറവായിരിക്കും. ഇതും കണക്കിലെടുത്താണ് ദീർഘദൂര സർവീസുകൾ ഉൾപ്പെടെ നിർത്തിവയ്ക്കുന്നതെന്നു അദ്ദേഹം വ്യക്തമാക്കി. പുലർച്ചെയുള്ള ദീർഘദൂര സർവീസുകൾ പതിവുപോലെ നടത്തുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
ഹർത്താലിന്റെ ഭാഗമായി ഇന്ന് രാവിലെ 10ന് കൽപ്പറ്റ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിൽ പോസ്റ്റ് ഓഫീസുകൾക്കു മുന്നിൽ യുഡിഎഫ് പ്രവർത്തകർ ധർണ നടത്തുമെന്ന് ജില്ലാ കണ്വീനർ പി.ടി. ഗോപാലക്കുറുപ്പ്, ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി എന്നിവർ അറിയിച്ചു. ഹർത്താലിൽനിന്ന് തെരഞ്ഞെടുപ്പ് സംബന്ധമായ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഓടുന്ന വാഹനങ്ങൾ, ശബരിമല തീർഥാടകരുടെ വാഹനങ്ങൾ, ആശുപത്രികളിലേക്ക് പോകുകയും വരികയും ചെയ്യുന്നവരുടെ വാഹനങ്ങൾ, പാൽ, പത്രം വിതരണം വിവാഹ സംബന്ധമായ യാത്രകൾ എന്നിവ ഒഴിവാക്കിയതായി അവർ പറഞ്ഞു.