മനുഷ്യ-വന്യമൃഗ സംഘർഷ ലഘൂകരണം: നോർത്ത് വയനാട് വനം ഡിവിഷന് ഗൂർഖ ജീപ്പ് നൽകി
1480472
Wednesday, November 20, 2024 5:14 AM IST
കൽപ്പറ്റ: മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിന് ഉപയോഗപ്പെടുത്തുന്നതിന് എസ്ബിഐ ഗ്ലോബൽ ഫാക്ടേഴ്സ് ലിമിറ്റഡ് നോർത്ത് വയനാട് വനം ഡിവിഷന് ഫൈവ് ഡോർ ഫോർവീൽ ഡ്രൈവ് ഗൂർഖ ജീപ്പ് നൽകി. ദുർഘട പ്രദേശങ്ങളിൽ സഞ്ചാരത്തിന് ഉതകുന്ന വാഹനം സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് ലഭ്യമാക്കിയത്.
നോർത്ത് വയനാട് ഡിവിഷൻ ഓഫീസിലെ ഗിബ്സ് ഹാളിൽ എസ്ബിഐ ഗ്ലോബൽ ഫാക്ടേഴ്സ് ലിമിറ്റഡ് ചെയർമാൻ അശ്വിനികുമാർ തിവാരി വാഹനം കൈമാറി. ജീപ്പിന്റെ ഫ്ളാഗ് ഓഫ് കർമം അദ്ദേഹം നിർവഹിച്ചു. നോർത്തേണ്‍ സർക്കിൾ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ കെ.എസ്. ദീപ, നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.ജെ. മാർട്ടിൻ ലോവൽ, പരിസ്ഥിതി പ്രവർത്തകൻ ടി.സി. ജോസഫ്, വന്യമൃഗ ആക്രമണത്തിൽ മരിച്ച തങ്കച്ചന്റെ ഭാര്യ സുജ തുടങ്ങിയവർ സന്നിഹിതരായിരുന്നു.