നിഷേധിക്കപ്പെട്ട തൊഴിൽ നിയമ പോരാട്ടം വഴി തിരിച്ചു കിട്ടിയതായി തൊഴിലാളികൾ
1483214
Saturday, November 30, 2024 4:49 AM IST
പേരാമ്പ്ര : നിഷേധിക്കപ്പെട്ട തൊഴിൽ അർഹതപ്പെട്ടവർക്ക് ശക്തമായ ഇടപെടലിലൂടെ തിരിച്ചു തിരിച്ചു കിട്ടിയതായി ക്ഷേമ ബോർഡിലെ തൊഴിലാളികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2019 ൽ പേരാമ്പ്രയിൽ പ്രവർത്തനം തുടങ്ങിയ സികെ മെറ്റീരിയൽസ് എന്ന സ്ഥാപനത്തിൽ ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് പേരാമ്പ്ര ഉപ കാര്യാലയത്തിന്റെ രണ്ട്പൂളുകളിൽ പെട്ട 21 തൊഴിലാളികളാണ് ചരക്കിറക്കിക്കൊണ്ടിരുന്നത്.
2022 ജനുവരി മുതൽ ഉടമ നിയമിച്ച തൊഴിലാളികൾക്കാണ് പണി നൽകിയത്. ഇത് പ്രശ്നങ്ങൾക്കും തർക്കങ്ങൾക്കും ഇടയാക്കി. തുടർന്ന് തൊഴിലാളികളുടെ സമരവും അരങ്ങേറി. . സ്ഥാപനമുടമ ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. ഇതോടെ തൊഴിൽ നിഷേധിക്കപ്പെട്ട ക്ഷേമ ബോർഡ് തൊഴിലാളികൾ സമരമാരംഭിച്ചു. ഇതോടൊപ്പം ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് കോടതിയിൽ റിവ്യൂ പെറ്റീഷൻ നൽകി.
പരിഹാരമുണ്ടാക്കാൻ ലേബർ ഓഫീസർമാർക്ക് കോടതി നിർദ്ദേശം നൽകി വിധിയായി. ഇതിലും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിൽ വിവിധ തലത്തിലുള്ള ലേബർ ഓഫീസർമാരുടെ സാന്നിധ്യത്തിൽ തുടർ ചർച്ചകൾ നടന്നു. ഇതും ഫലവത്തായില്ല. ഒടുവിൽ സികെ മെറ്റീരിയൽസിലെ കയറ്റിറക്ക് ജോലി ചെയ്യാൻ പേരാമ്പ്ര ടൗണിലെ രണ്ട് പൂളിലും പെട്ട ചുമട്ടു തൊഴിലാളികൾക്ക് നിർദ്ദേശം നൽകി ജില്ലാ ലേബർ ഓഫീസർ ഉത്തരവിറക്കി.
ഇത് പ്രകാരം ക്ഷേമ ബോർഡിന്റെ ക്രമീകരണമനുസരിച്ച് സി പൂളിലെ തൊഴിലാളികൾ അവിടെ ജോലി ചെയ്യാൻ തുടങ്ങിയതായി സിഐടിയു, എച്ച്എംഎസ്, എസ ടിയു പ്രതിനിധികളായ പി.എം. രാമദാസ്,ഷബീർ ചാലിൽ, എം.എം. മജീദ്, എൻ.എം. അഷ്റഫ്, വി. മനോജൻ എന്നിവർവാർത്താ സമ്മേളനത്തിൽ പറഞ്ഞു.