വാട്ടർ അഥോറിറ്റി ഓഫീസിന് മുന്നിൽ ജനപ്രതിനിധികളുടെ പ്രതിഷേധം
1482982
Friday, November 29, 2024 5:55 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിക്കായി വെട്ടി പൊളിച്ച റോഡുകൾ മാസങ്ങൾ കഴിഞ്ഞിട്ടും പൂർവ സ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കൊടിയത്തൂർ പഞ്ചായത്ത് ജനപ്രതിനിധികൾ കൂളിമാട് വാട്ടർ അഥോറിറ്റി ഓഫീസിന് മുന്നിൽ സമരം നടത്തി. വാട്ടർ അഥോറിറ്റി ജൽ ജീവൻ മിഷൻ ഒത്തുകളി അവസാനിപ്പിക്കുക, തകർന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കുക, ജൽ ജീവൻ പദ്ധതി സുതാര്യമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചായിരുന്നു സമരം.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ പണം നൽകാതായതോടെ കരാറുകാർ പ്രവൃത്തി പാതിവഴിയിൽ നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇത് പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
റോഡുകൾ പൂർവസ്ഥിതിയിലാക്കാതായതോടെ പഞ്ചായത്ത് ഫണ്ട് വെച്ച റോഡുകളുടെ പ്രവൃത്തി കൂടി മുടങ്ങിക്കിടക്കുന്ന അവസ്ഥയാണ്. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം അടിയന്തര പരിഹാരം കാണണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂരിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിന് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, മുൻ പ്രസിഡന്റ് വി. ഷംലൂലത്ത്, എം.ടി. റിയാസ്, ഫാത്തിമ നാസർ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എൻജിനീയറുമായി സംസാരിക്കുകയും നിവേദനം നൽകുകയും ചെയ്തു. ഡിസംബർ രണ്ടിനകം കോൺക്രീറ്റ് റോഡുകളുടെ പ്രവൃത്തി പൂർത്തിയാക്കുമെന്നും ടാറിംഗ് റോഡുകളുടെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും അസിസ്റ്റന്റ് എൻജിനീയർ സി. അക്ഷയ് എഴുതി നൽകിയതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.