നെഹ്റുവിനെപ്പോലെ ശക്തരായ നേതാക്കൾ ഇന്ന് ലോകത്ത് അനിവാര്യം: കാരശേരി
1482980
Friday, November 29, 2024 5:55 AM IST
മുക്കം: നെഹ്റുവിനെപ്പോലുള്ള നിഷ്പക്ഷരും ധീരരുമായ ലോക നേതാക്കൾ അനിവാര്യമായ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന് എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ എം.എൻ. കാരശേരി പറഞ്ഞു. ബഹുസ്വരം സാംസ്കാരിക കൂട്ടായ്മയും മുക്കം മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച നെഹ്റു അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലോക രാഷ്ട്രങ്ങൾക്കിടയിൽ അധിനിവേശത്തെയും വംശഹത്യയേയുമൊക്കെ എതിർക്കാൻ ശക്തരായ നേതാക്കളില്ല. അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും നേതൃത്വത്തിൽ നടന്ന ശീത യുദ്ധത്തിൽ പക്ഷം ചേരാതെ ചേരിചേരാ നയത്തിന് നേതൃത്വം നൽകിയ പ്രധാനമന്ത്രിയായിരുന്നു ജവഹർലാൽ നെഹ്റു. എന്നാൽ ഇന്ന് ഇസ്രായേലിന്റെയും മ്യാൻമാറിലെ ബുദ്ധ മതക്കാരുടെയുമൊക്കെ അധിനിവേശങ്ങളെയും വംശഹത്യയേയുമൊക്കെ ചോദ്യം ചെയ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയാറാവുന്നില്ല.
അമേരിക്കയുടെ നിലപാടിനൊപ്പമാണ് നരേന്ദ്രമോദിയെന്നും അദ്ദേഹം പറഞ്ഞു. വി.അബ്ദുളളക്കോയ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു.
ബഹുസ്വരം ചെയർമാൻ സലാം കാരമൂല അധ്യക്ഷനായി. എ.പി. മുരളീധരൻ, ഉമശ്രീ കിഴക്കുംപാട്ട്, മുക്കം വിജയൻ, ജി. അബ്ദുൾ അക്ബർ, ഷാജഹാൻ തിരുവമ്പാടി, ഓർഫനേജ് സ്കൂൾ പ്രധാനാധ്യാപകൻ എൻ.കെ. മുഹമ്മദ് സലീം, ഹർഷൽ പറമ്പിൽ എന്നിവർ പ്രസംഗിച്ചു.