വിലങ്ങാട് കെട്ടിൽ ഉന്നതിയിലെ മലിനജലം റോഡിലൊഴുകുന്നു
1482981
Friday, November 29, 2024 5:55 AM IST
നാദാപുരം: വിലങ്ങാട് കെട്ടിൽ ഉന്നതിയിൽ നിന്നുള്ള മലിനജലം റോഡിലൊഴുകുന്നു. ഉന്നതിയിലെ വീടുകളിൽ നിന്നുള്ള മലിന ജലമാണ് കോളനിക്ക് മുന്നിലെ റോഡിൽ ഒഴുകുന്നത്. ഈ ജലം കുടിവെള്ള സ്രോതസുകളിലേക്ക് കലരാനുള്ള സാധ്യതയുള്ളതിനാൽ മേഖല പകർച്ച വ്യാധി ഭീഷണിയിലാണ്.
വിലങ്ങാട് സ്കൂളുകളിലേക്കുള്ള വിദ്യാർഥികളും മറ്റ് കാൽനട യാത്രക്കാരും റോഡിലെ മലിനജലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. വാഹനങ്ങൾ പോകുമ്പോൾ മലിനജലം ശരീരത്തിൽ പതിക്കുന്നതും പ്രയാസമുണ്ടാക്കുന്നുണ്ട്. കോളനിയിൽ നിന്നുള്ള മലിനജലം സംഭരിക്കാനായി മണ്ണിനടിയിൽ ടാങ്ക് സ്ഥാപിക്കണമെന്ന് നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ചെവിക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വാർഡ് മെമ്പർ, പഞ്ചായത്ത് ആരോഗ്യ വിഭാഗം എന്നിവരോടെല്ലാം നാട്ടുകാർ പരാതിപ്പെട്ടിരുന്നു. അസഹ്യമായ ദുർഗന്ധം അനുഭവപ്പെടുന്നതായും നാട്ടുകാർ പറയുന്നു.
മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങൾ നാട്ടിൽ ശമനമില്ലാതെ തുടരുന്നതിനിടയിലാണ് മലിനജലം ഒഴുകിയെത്തുന്ന കാര്യത്തിൽ അധികൃതരുടെ നിസംഗത. വാണിമേൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം സ്ഥിതീകരിച്ചിട്ടുണ്ട്.