ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ രണ്ട് ലക്ഷം അനുവദിച്ചു
1482988
Friday, November 29, 2024 5:55 AM IST
പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്നും ഇതിനായി എംഎൽഎ ഫണ്ടിൽ നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചതായി ടി.പി. രാമകൃഷ്ണൻ എംഎൽഎ പറഞ്ഞു. കഴിഞ്ഞ ദിവസം പേരാമ്പ്ര ബസ് സ്റ്റാൻഡിൽ വയോധികൻ ബസ് തട്ടി മരിച്ച സംഭവത്തിനു ശേഷം ചേർന്ന ട്രാഫിക് അവലോകന യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കുറ്റ്യാടി- കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകളുടെ അമിതവേഗം നിയന്ത്രണിക്കണമെന്ന് ആവശ്യം ഉയർന്നു. ടൗണിലും ബസ് സ്റ്റാൻഡിലും സിസിടിവി കാമറ പ്രവർത്തന സജ്ജമാക്കും. ബസ് സ്റ്റാൻഡിൽ രാത്രിയിൽ ആവശ്യമായ വെളിച്ചം ഉറപ്പാക്കും. ബസ് സ്റ്റാൻഡ് പരിസരത്ത് ഡിവൈഡറുകൾ സ്ഥാപിക്കും. ട്രാഫിക് അഡ്വൈസറി കമ്മിറ്റിയും മോട്ടോർ തൊഴിലാളി സംഘടന പ്രതിനിധികളും വ്യാപാരികളും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.
പഞ്ചായത്ത് ഓഫീസ് റോഡിൽനിന്നും സംസ്ഥാന പാതയിലേക്കും ബൈപാസിൽനിന്നും പ്രസിഡൻസി കോളജ് റോഡ് വഴി സംസ്ഥാന പാതയിലേക്കും വൺ വേ ഏർപ്പെടുത്തും. ബൈപാസ് അടക്കമുള്ള സ്ഥലങ്ങളിൽ തടസം സൃഷ്ടിക്കുന്ന രീതിയിലുള്ള റോഡിലെ പാർക്കിംഗ്, കച്ചവടം എന്നിവ തടയും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു, പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, ആർടിഒ പി.എം. പ്രജീഷ്, പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ പി. ജംഷീദ്, എസ്ഐ പി. ഷമീർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുഴിച്ചാൽ, പഞ്ചായത്ത് മെമ്പർമാരായ വിനോദ് തിരുവോത്ത്, പി. ജോന എന്നിവർ സംബന്ധിച്ചു.