വിലങ്ങാട് റോഡ് അപകടാവസ്ഥയിലായിട്ട് നാല് മാസം
1483205
Saturday, November 30, 2024 4:49 AM IST
നാദാപുരം: ഉരുൾ പൊട്ടലിൽ പുഴയിലുണ്ടായ മലവെള്ളപ്പാച്ചലിൽ റോഡ് ഒലിച്ച് പോയിട്ട് നാല് മാസം കഴിഞ്ഞെങ്കിലും കണ്ണടച്ച് അധികൃതർ വിലങ്ങാട് സെന്റ് ജോർജ് ഫെറോന പള്ളിക്ക് മുന്നിലെ റോഡാണ് അപകടാവസ്ഥയിലുള്ളത്.ജൂലായ് 30 ന് രാത്രി വിലങ്ങാട് അടിച്ചിപ്പാറയിലേയും , പാനോംത്തെയും ഉരുൾപൊട്ടലിൽ പുല്ലുവ പുഴ കരകവിഞ്ഞ് കുത്തി ഒഴുകിയതോടെ പള്ളിക്ക് സമീപത്തെ പതിനഞ്ച് അടിയോളം ഉയരമുള്ള കര ഭാഗം അമ്പത് മീറ്ററോളം ദൂരത്തിൽ ഇടിഞ്ഞ് താഴുകയായിരുന്നു. റോഡിന്റെ പകുതി ഭാഗത്തോളം പുഴ എടുത്ത നിലയിലാണ് .റോഡിലുണ്ടായിരുന്ന ഇലക്ട്രിക്ക് തുണുകളടക്കം പുഴ എടുത്തിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും കരയിടിഞ്ഞ് റോഡിന് മധ്യഭാഗം വരെ എത്തി. വിലങ്ങാട് ടൗണിൽ നിന്ന് പാനോം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളിലെ യാത്ര അപകടം വിളിച്ച് വരുത്തുന്നതാണെന്ന് നാട്ടുകാർ പറയുന്നു.
കൂടാതെ തൊട്ടടുത്ത സെന്റ് ജോർജ് ഹൈസ്കൂളിലേക്ക് പോകുന്ന വിദ്യാർഥികളും നടന്ന് പോകുന്നത് ഇത് വഴിയാണ്. ഉരുൾപൊട്ടൽ നടന്നിട്ട് നാല് മാസം പിന്നിട്ടിട്ടും പുഴയോരം കെട്ടി റോഡ് സുരക്ഷിതമാക്കുന്നതിന് അധികൃതർ യാതൊരു നടപടികളും സ്വികരിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
നിലവിൽ ഭാരം കയറ്റിയ വാഹനങ്ങൾ ഒന്നും തന്നെ ഇത് വഴി കടത്തി വിടുന്നില്ല. റോഡ് അപകടവസ്ഥയിലാണെന്നതിനും യാത്രക്കാർക്ക് മുന്നറിയിപ്പ് ബോർഡുകൾ മാത്രമാണ് സ്ഥാപിച്ചിട്ടുണ്ട്. ഉരുൾ പൊട്ടലിൽ വിലങ്ങാട് മേഖലയിൽ എട്ടിലേറെ പ്രധാന പാലങ്ങളും , കല്ലുങ്കുകളും തകർന്നെങ്കിലും അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ല. തകർന്ന റോഡ് അടിയന്തരമായി പുനർനിർമാണം നടത്തിയില്ലെങ്കിൽ ഈ ഭാഗത്തേക്കുള്ള ഗതാഗതം പൂർണ്ണമായി നിലക്കുമൊ എന്ന ഭീതിയിലാണ് നാട്ടു കാർ.