കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽനിന്നു കണ്ടെത്തി
1483134
Friday, November 29, 2024 10:21 PM IST
കൊയിലാണ്ടി: മേപ്പയ്യൂര്‍ ചങ്ങരംവള്ളിയിൽനിന്ന് കാണാതായ യുവതിയുടെ മൃതദേഹം മുത്താമ്പി പുഴയിൽ കണ്ടെത്തി. കോട്ടക്കുന്നുമ്മൽ സുമയുടെ മകൾ സ്നേഹാഞ്ജലിയുടെ (24) മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ആറോടെയാണ് സ്നേഹാഞ്ജലിയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടുകൂടി ഒരാൾ പുഴയിൽ ചാടിയതായി സംശയമുണ്ടെന്ന് തോണിക്കാർ അറിയിച്ചത്. തുടർന്ന് കൊയിലാണ്ടി പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തെരച്ചിൽ ആരംഭിച്ചു. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
യുവതിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നതായും കുറച്ചു ദിവസങ്ങളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായും ബന്ധുക്കള്‍ അറിയിച്ചു.