കാട്ടാനശല്യം രൂക്ഷം; മൂന്നേക്കർ കൃഷി പൂർണമായും നശിപ്പിച്ചു
1483206
Saturday, November 30, 2024 4:49 AM IST
കൂടരഞ്ഞി: പഞ്ചായത്തിലെ കക്കാടംപൊയിൽ തേനരുവിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വെട്ടുവേലി നിബിന്റെ രണ്ട് ഏക്കർ കൃഷിഭൂമിയിലെ മുഴുവൻ വിളകളും നശിപ്പിച്ചു. 500 ഓളം വാഴ, 450 കവുങ്ങിൻതൈ, 300 കൊക്കോ തൈ, രണ്ട് തെങ്ങ് എന്നിവയാണ് കഴിഞ്ഞദിവസം രാത്രി കാട്ടാനക്കൂട്ടം നശിപ്പിച്ചത്.
കൃഷിഭൂമിയാകെ ചവിട്ടിമെതിച്ചിട്ട നിലയിലാണ്. കമ്പിവേലികൾ പിഴുതെറിഞ്ഞാണ് കാട്ടാനക്കൂട്ടം പറമ്പിലെത്തിയത്. നാലുഭാഗത്തെയും ഫെൻസിംഗ് നെറ്റ് തകർത്തിട്ടുണ്ട്. സമീപത്തെ പനന്തോട്ടത്തിൽ ബിനുവിന്റെ ഏതാണ്ട് 400 വാഴ, 25 കവുങ്ങിൻതൈ, അഞ്ച് ജാതി മരം, തെങ്ങുൾപ്പെടെ ഒരേക്കർ ഭാഗത്തെ കൃഷിഭൂമികാട്ടാന നശിപ്പിച്ച വാഴ തോട്ടം.
യും പാടേ നശിപ്പിച്ച നിലയിലാണ്. രണ്ട് കുഞ്ഞാനകൾ ഉൾപ്പെടെ മൂന്ന് ആനകളായിരുന്നു ഉണ്ടായിരുന്നതെന്ന് കർഷകൻ നിബിൻ പറഞ്ഞു.
കഴിഞ്ഞയാഴ്ച ഒറ്റയാനെത്തി ഇദ്ദേഹത്തിന്റെ വാഴകൾ, കമുക്, കൊക്കോ തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചിരുന്നു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വൻതുക മുടക്കിയാണ് വേലിനിർമിച്ചിരുന്നത്. ഒരു മാസമായി ഈ പ്രദേശത്ത് ഒറ്റയും കൂട്ടമായും കാട്ടാനകളെത്തുന്നത് പതിവാണ്. ജനവാസമേഖലയിൽനിന്ന് കേവലം രണ്ടു കിലോമീറ്റർ അകലെയാണ് കാട്ടാനകളുടെ താണ്ഡവം.
ഇത് മലയോരവാസികളിൽ ഭീതി പടർത്തിയിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ കൊടുമ്പുഴ വനമേഖലയിൽനിന്ന് എത്തുന്ന കാട്ടാനകൾ ദിവസങ്ങൾ തമ്പടിച്ചാണ് പ്രദേശങ്ങളിൽനിന്ന് മടങ്ങാറ്. കാട്ടാന ശല്യത്തിന് ശാശ്വതപരിഹാരം കണ്ടെത്തണമെന്നും ഉടൻ നഷ്ട പരിഹാരം നൽകണമെന്നുമാണ് കർഷകൻ ആവശ്യപ്പെടുന്നത്.