അന്യായപ്പെട്ട ക്ഷേത്രഭൂമി തിരിച്ചുപിടിക്കാൻ ജുഡീഷൽ സംവിധാനം ഉണ്ടാക്കണം: കേരള ക്ഷേത്ര ദേവസ്വം ഊരാളസഭ
1483210
Saturday, November 30, 2024 4:49 AM IST
കോഴിക്കോട്: വഖഫ് ബോർഡിന്റെ ഭൂമി തിരിച്ചു കൊടുക്കുന്ന വ്യഗ്രത കേരളത്തിലെ അന്യായപ്പെട്ട ക്ഷേത്രഭൂമി തിരിച്ചു നൽകുന്ന കാര്യത്തിൽ സർക്കാരോ ദേവസ്വം ബോർഡോ കാണിക്കുന്നില്ലെന്ന് അഖില കേരള ക്ഷേത്ര ദേവസ്വം ഊരാളസഭ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഫോറസ്റ്റ് ഭൂമിയിലുൾപ്പെടുത്തിയ ക്ഷേത്രഭൂമിയടക്കം തിരിച്ചു ക്ഷേത്രഭൂമിയിലേക്ക് മാറ്റണമെന്നും അന്യായീകരണപ്പെട്ട ക്ഷേത്രഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ ജുഡീഷ്യൽ സംവിധാനം ഉണ്ടാക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.
ദേവസ്വം ബോർഡുകളിലെ രാഷ്ട്രീയവൽക്കരണം ക്ഷേത്രങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. പല ക്ഷേത്രങ്ങളും ശമ്പളം നൽകാൻ പോലും കഴിയാത്ത സാഹചര്യത്തിൽ തുടരുമ്പോൾ പിൻവാതിൽ നിയമനത്തിലൂടെ ക്ഷേത്രങ്ങളിൽ ജീവനക്കാരെ കുത്തി നിറയ്ക്കുന്ന സമീപനമാണ് ഉണ്ടാകുന്നത്.
ദേവസ്വം ഫണ്ടുകൾ ക്ഷേത്ര ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കാൻ പാടില്ലെന്ന കേരള ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ, ക്ഷേത്ര ഫണ്ടുകൾ ദുർവിനിയോഗം ചെയ്യുന്ന സ്ഥിതിയുമാണുള്ളതെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. വാർത്താസമ്മേളനത്തിൽ ക്ഷേത്ര ദേവസ്വം ഊരാളസഭ പ്രസിഡന്റ് കെ.കുഞ്ഞിമാധവൻ, ടി.ആർ.രാമവർമ്മ, മാടത്തിൽ മല്ലിശ്ശേരി വാസുദേവൻ നമ്പൂതിരി, ഇരിവൽ രാംദാസ് വാഴുന്നവർ, പി.കെ. വേണുഗോപാല പണിക്കർ പങ്കെടുത്തു.