സ്കൂൾ കലോത്സവത്തിൽ ആസ്വാദകരുടെ വൻ പങ്കാളിത്തം
1602173
Thursday, October 23, 2025 5:40 AM IST
കരുവാരക്കുണ്ട്: കരുവാരക്കുണ്ടിൽ നടക്കുന്ന വണ്ടൂർ ഉപജില്ലാ തല സ്കൂൾ കലോൽസവത്തിന്റെ ഒന്നാംദിനത്തിൽ ആസ്വാദകരുടെ വൻ പങ്കാളിത്തം. മഴ ഇടക്ക് രസം കെടുത്തിയെങ്കിലും നാടൻപാട്ട്, മാപ്പിളപ്പാട്ട് തുടങ്ങിയ മത്സര വേദികൾക്ക് മുന്നിൽ ആസ്വാദകരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. നൂറിലധികം വിദ്യാലയങ്ങളിൽ നിന്നുള്ള 5000 ത്തിലധികം കലാപ്രതിഭകളാണ് നാല് ദിവസങ്ങളിലായി നടക്കുന്ന വണ്ടൂർ ഉപജില്ലാതല സ്കൂൾ കലോൽസവത്തിൽ പങ്കെടുക്കുന്നത്.
മേളയുടെ ഒന്നാം ദിനത്തിൽ രചനാ മത്സരങ്ങളാണ് പ്രധാനമായും നടന്നതെങ്കിലും മാപ്പിളപ്പാട്ട്, നാടൻപ്പാട്ട് എന്നിവ വേദികളെ ഉണർത്തി. നാടകം, ഇംഗ്ലീഷ് സ്കിറ്റ് കഥകളി, വഞ്ചിപ്പാട്ട്, നാടോടി നൃത്തം, സംസ്കൃത- അറബി കലോൽസവം എന്നിവയും വേദികളെ സജീവമാക്കി.
രണ്ടാം ദിനമായ ഇന്ന് പത്ത് പ്രധാന വേദികളിലും മൽസരങ്ങൾ അരങ്ങേറും. ഭരതനാട്യം, മോഹിനിയാട്ടം, കേരള നടനം, കുച്ചിപ്പുഡി, ഓട്ടൻതുള്ളൽ, സംഘഗാനം തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് നടക്കുക. ജനകീയ പങ്കാളിത്തത്തോടെ ഒരുക്കിയ മികച്ച സൗകര്യങ്ങളിലാണ് വണ്ടൂർ ഉപജില്ലാ കലോൽസവം പുരോഗമിക്കുന്നത്.