വോട്ടർ പട്ടികയിൽ ക്രമക്കേട്; പെരിന്തൽമണ്ണയിൽ യുഡിഎഫ് സമരത്തിലേക്ക്
1602165
Thursday, October 23, 2025 5:34 AM IST
പെരിന്തൽമണ്ണ : വോട്ടർ പട്ടികയിൽ നിലവിലുള്ള വോട്ടർമാരെ വ്യാജ അപേക്ഷകൾ നൽകി വ്യാപകമായി വെട്ടിനിരത്താനുള്ള സിപിഎം നേതൃത്വം നൽകുന്ന മുനിസിപ്പൽ ഭരണകൂടത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റി 27ന് രാവിലെ പത്തിന് മുനിസിപ്പൽ ഓഫീസ് വളയും.
പെരിന്തൽമണ്ണ നഗരത്തിന്റെയും പരിസര പ്രദേശങ്ങളുടെയും വികസനരംഗത്തെ പരാധീനതകൾക്ക് പരിഹാരം കാണുന്നതിൽ പരാജയപ്പെട്ട സിപിഎം ഭരണസമിതിക്കെതിരെ വിധിയെഴുതാൻ ജനങ്ങൾ കാത്തിരിക്കുന്ന അവസരത്തിൽ പരാജയ ഭീതിയാണ് വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്താൻ ഭരണക്കാരെ പ്രേരിപ്പിച്ചതെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു.
27ന് രാവിലെ 9.30ന് ഉൗട്ടി റോഡിലെ സർവീസ് സഹകരണ ബാങ്ക് പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ചോടെ ് മുനിസിപ്പൽ ഓഫീസ് ഉപരോധിക്കും. യുഡിഎഫിന്റെ എംഎൽഎമാരും ജില്ലാ സംസ്ഥാന, നേതാക്കളും പങ്കെടുക്കും.
ഇതുസംബന്ധിച്ച യോഗം കെപിസിസി ജനറൽ സെക്രട്ടറി വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ യുഡിഎഫ് ചെയർമാൻ എം.ബി.ഫസൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഉസ്മാൻ താമരത്ത്,
നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ എം.എം.സക്കീർ ഹുസൈൻ, ഭാരവാഹികളായ പച്ചീരി നാസർ, പ്രഫ.നാലകത്ത് ബഷീർ, എ. ആനന്ദൻ, പി. ബഷീർ, ടി.കെ. രാജേന്ദ്രൻ, സി. മുസ്തഫ, പച്ചീരി ഫാറൂഖ്, രാജേഷ്, പച്ചീരി ജലാൽ എന്നിവർ പ്രസംഗിച്ചു.