സേവന സന്നദ്ധരായി ട്രോമാ കെയർ പെരിന്തൽമണ്ണ യൂണിറ്റ്
1602169
Thursday, October 23, 2025 5:34 AM IST
പെരിന്തൽമണ്ണ: സേവന സന്നദ്ധരായി ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ്. 293 ദിവസങ്ങൾ കൊണ്ട് 520 പ്രവർത്തനങ്ങളിലാണ് ഈ വർഷം ഇതുവരെയായി ഏർപ്പെട്ടത്. ദുരന്ത വാർത്തകൾ അറിയുന്ന നിമിഷം മുതൽ ഇവർ ജാഗ്രതപാലിച്ച് സംഭവ സ്ഥലത്തെത്തുന്നു.
മലപ്പുറം ജില്ലയൽ 32 സ്റ്റേഷൻ യൂണിറ്റുകളിൽ, പ്രവർത്തനങ്ങളിൽ വേറിട്ട മാതൃക തീർക്കുകയാണ് ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ്. ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ വനംവകുപ്പിന്റെ അംഗീകൃത സർപ്പ റെസ്ക്യൂവർമാർ അടങ്ങുന്ന 19 വനിതകൾ ഉൾപ്പെടെ അന്പതിലധികം പേർ സജീവ പ്രവർത്തകരാണ്.
ഈ വർഷം ഇതുവരെ 520 അപകടദുരന്ത രക്ഷാപ്രവർത്തനങ്ങളിൽ ഇവരുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. നിരവധി ഡിപ്പാർട്ട്മെന്റുകളുടെ അംഗീകാരവും ഇവർക്ക് ലഭിച്ചിട്ടുണ്ട്. കടപുഴകുന്ന മരങ്ങൾ, ഇലക്ട്രിക് പോസ്റ്റുകൾ, തകർന്ന വീടുകളുടെ മേൽക്കുരകൾ നേരയാക്കുക, വീടുകളിൽ കാണപ്പെടുന്ന ഇഴജന്തുക്കളെ തുരത്തുക തുടങ്ങി വിവിധ രക്ഷാപ്രവർത്തനങ്ങളിൽ ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ സജീവമായി ഇടപെടുന്നു.
1992-ൽ മലപ്പുറം മഞ്ചേരി റൂട്ടിൽ പാണായിൽ ജീപ്പും ബസും കൂട്ടിയിടിച്ച് ആറു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത വിദ്യാർഥിയായ കെ.പി. പ്രതീഷ് എന്ന സാമൂഹ്യ പ്രവർത്തകന്റെ ചിന്തയിൽ നിന്നാണ് മലപ്പുറം ജില്ലാ ട്രോമാ കെയർ എന്ന സംഘടനയുടെ ഉത്ഭവം. ഡോ. അബ്ദുൾജലീൽ, അഡ്വ. സി.എം. നാസർ എന്നിവരുടെ പങ്കാളിത്തത്തിൽ അന്നത്തെ ജില്ലാ കളക്ടർ ശിവശങ്കറിന്റെ സഹകരണം കൂടിയായപ്പോൾ 2005 ൽ ദുരന്ത നിവാരണ സേവന സംഘം ഉടലെടുത്തു.
അപകട ദുരന്ത സമയങ്ങളിൽ പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനായി പൊതുജനങ്ങളെ പ്രാപ്തരാക്കാൻ ഇതിനകം ഒരു ലക്ഷത്തി ഇരുപതിനായിരത്തിൽ പരം ആളുകൾക്ക് ട്രോമാകെയർ പരിശീലനം നൽകി കഴിഞ്ഞു. കേന്ദ്ര സർക്കാരിന്റെ ലഹരിക്കെതിരെയുള്ള പദ്ധതിയായ ന്ധനഷാ മുക്ത അഭയാനിന്റെ ജില്ലാ നോഡൽ ഏജൻസി അംഗീകാരം നേടാനായിട്ടുണ്ട്.