മതിൽ തകർന്ന് കിണറ്റിലേക്ക് വീണു
1602163
Thursday, October 23, 2025 5:34 AM IST
എടക്കര: റോഡിലെ വെള്ളക്കെട്ടിൽ കുതിർന്ന് മതിൽ തകർന്ന് കിണറിലേക്ക് വീണു. നല്ലംതണ്ണി പ്ലാക്കപ്പറന്പിൽ നാരായണന്റെ കിണറ്റിലേക്കാണ് മതിൽ തകർന്ന് വീണത്. പതിമൂന്ന് റിംഗുകൾ ഇറക്കിയ കിണർ പൂർണമായി തകർന്നു.
കഴിഞ്ഞദിവസം രാത്രി അതിശക്തമായ മഴയാണ് പ്രദേശത്ത് പെയ്തത്. മഴ പെയ്താൽ പാലുണ്ട മുണ്ടേരി റോഡിനോട് ചേർന്നുള്ള ഇയാളുടെ വീടിന് മുന്നിൽ വെള്ളക്കെട്ട് സ്ഥിരമാണ്. ജൽജീവൻ കുടിവെള്ള പദ്ധതിക്കായി ചാല് കീറിയതോടെ വെള്ളം ഒഴുകിപോകാതെയുമായി. വാഹനങ്ങൾക്ക് അപകടമുണ്ടാക്കുന്ന അവസ്ഥയിലേക്ക് റോഡിന്റെ ഈ ഭാഗം മാറിയിട്ടുണ്ട്.
ഇടിഞ്ഞ ഭാഗത്ത് വെട്ടുകല്ല് നിരത്തിവച്ച് അപായ സൂചന നാട്ടിയിരിക്കുകയാണ് വീട്ടുകാർ. ചുങ്കത്തറ പഞ്ചായത്ത് വിഇഒ സ്ഥലം സന്ദർശിച്ചു.