പോലീസ് സ്റ്റേഷനിലെത്തുന്നവരോട് മാന്യമായി പെരുമാറാൻ നിർദേശം നൽകണം
1602172
Thursday, October 23, 2025 5:40 AM IST
എസ്പിയോട് മനുഷ്യാവകാശ കമ്മീഷൻ
മലപ്പുറം : പോലീസ് സ്റ്റേഷനിലെത്തുന്ന പരാതിക്കാരോടും എതിർകക്ഷികളോടും സാക്ഷികളോടും പോലീസുദ്യോഗസ്ഥർ മാന്യമായി പെരുമാറണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് മലപ്പുറം പോലീസ് മേധാവിക്ക് നിർദേശം നൽകി.
നീലേശ്വരം സ്വദേശി സി. ദിനേശ്, പരപ്പനങ്ങാടി സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
2021 സെപ്തംബർ 11 ന് പരപ്പനങ്ങാടി സ്റ്റേഷനിൽ പരാതി നൽകാനെത്തിയ തന്നോട് എസ്എച്ച്ഒ പക്ഷപാതപരമായി പെരുമാറിയെന്നാണ് പരാതി. മലപ്പുറം ജില്ലാ പോലീസ് മേധാവിയിൽ നിന്ന് കമ്മീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങി. പരാതി വിഷയം ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട തർക്കമായതിനാൽ സിവിൽ കേസുകൾ കോടതി മുഖാന്തിരം നടത്തണമെന്നാണ് എസ്എച്ച്ഒ നിർദേശിച്ചതെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
തുടർന്ന് ഐജിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്റെ അന്വേഷണ വിഭാഗത്തെ കൊണ്ട് അന്വേഷിപ്പിച്ചു. എസ്എച്ച്ഒ തന്നോടും ഒപ്പമുണ്ടായിരുന്ന പൊതുപ്രവർത്തകനോടും മോശമായി പെരുമാറിയെന്ന് പരാതിക്കാരൻ പറഞ്ഞു.
പരാതികളുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തുന്നവരോടും ഒപ്പം വരുന്നവരോടും പരാതിക്കിടവരാത്ത വിധം പെരുമാറണമെന്ന് പരപ്പനങ്ങാടി ഇൻസ്പെക്ടർക്ക് നിർദേശം നൽകിയിട്ടുള്ളതായി താനൂർ ഡിവൈഎസ്പി കമ്മീഷനെ അറിയിച്ചു.