കാലിക്കട്ട് യൂണിവേഴ്സിറ്റി കാമ്പസില്‍ എസ്എഫ്ഐ - എംഎസ്എഫ് സംഘര്‍ഷം
1496030
Friday, January 17, 2025 5:19 AM IST
യൂണിയന് ഓഫീസുകള്‍ അടിച്ചുതകര്‍ത്തു; രണ്ട് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി കാമ്പസില്‍ എസ്എഫ്ഐ എംഎസ്എഫ് സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റുഡന്റ്സ് ഓഫീസും യൂണിവേഴ്സിറ്റി യൂണിയന് ഓഫീസും അടിച്ചുതകര്‍ത്തു. യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ ഉണ്ടായ ആക്രമ സംഭവത്തില്‍ എം.പി. ഹുസൈന്, എം. ഹിജാസ് അഹമ്മദ് എന്നിവര്‍ക്ക് മര്‍ദനമേറ്റു.
ബുധനാഴ്ച രാത്രിയിലാണ് ഇരുവിഭാഗവും തമ്മിലുള്ള പ്രശ്നങ്ങളുടെ തുടക്കം. യൂണിവേഴ്സിറ്റി യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന കഫ് ആന്‍ഡ് കാര്‍ണിവല്‍ പ്രോഗ്രാമിന്റെ ഭാഗമായുള്ള കലാപരിപാടികള്‍ നടക്കുന്നതിനിടെ ബുധനാഴ്ച രാത്രിയില്‍ ബോര്ഡുകളെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെ എംഎസ്എഫ് പ്രവര്‍ത്തകര്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയന് ഓഫീസ് ആക്രമിച്ചു.
ഇതിന് പകരമായി യൂണിവേഴ്സിറ്റി യൂണിയന് ഓഫീസ് എസ്എഫ്ഐ അടിച്ചു തകര്‍ക്കുകയും എംഎസ്എഫിന്റെയും കഫ് ആന്‍ഡ് കാര്‍ണിവല്‍ പ്രോഗ്രാമിന്റെയും ബോര്‍ഡുകളും കൊടിതോരണങ്ങളും പോലീസ് നോക്കി നില്‍ക്കെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു.
ബുധനാഴ്ചയിലെ സംഘര്‍ഷത്തില്‍ ഡിഎസ്യു വൈസ് ചെയര്‍പേഴ്സണ്‍ കെ. കീര്‍ത്തന, അലേഷ്. ആര്. നാഥ്, ബി.എസ്. അക്ഷയ്, തീര്‍ഥ സുനില്‍, നിഖില്‍ റിയാസ് എന്നിവര്‍ക്ക് പരിക്കേറ്റതായി എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു.
എംഎസ്എഫ് ആക്രമണത്തില്‍ ഡിഎസ്യു ഓഫീസിന്റെ വാതില്‍, വാട്ടര്‍ കൂളര്‍, ഫര്‍ണിച്ചറുകള്‍ എന്നിവ തകര്‍ന്നിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് കാമ്പസില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.