ഉപതെരഞ്ഞെടുപ്പ്: കരുവമ്പ്രത്ത് ഇടതുമുന്നണിക്ക് സ്ഥാനാര്‍ഥിയായി
1479909
Sunday, November 17, 2024 10:43 PM IST
മഞ്ചേരി : ഡിസംബര്‍ 10ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേരി നഗരസഭ 49ാം വാര്‍ഡില്‍ അങ്കം മുറുകുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പി.എ. ഫൈസല്‍ മോനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി നേരത്തെ തീരുമാനിച്ചിരുന്നു. ഇന്നലെ ഇടതുമുന്നണി കൂടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ ഇരുവിഭാഗങ്ങളും പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സി. വിബിന് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിപിഎം കരുവമ്പ്രം ബ്രാഞ്ച് സെക്രട്ടറി, മഞ്ചേരി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വിബിന് ഇലക്ട്രോണിക് ആന്‍ഡ് ഇലക്ട്രിക് എന്‍ജിനിയറിംഗില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം വിബിന് ഇന്നലെ വൈകീട്ട് പ്രചാരണം തുടങ്ങി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പി.എ. ഫൈസല്‍ മോനാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
കരുവമ്പ്രം വാര്‍ഡില്‍ 2020ല്‍ ഫൈസല്മോനാണ് യുഡിഎഫിന് വേണ്ടി മത്സരിച്ചിരുന്നത്. 2020ല്‍ വിശ്വനാഥന് 442 വോട്ടും ഫൈസലിന് 385 വോട്ടും ലഭിച്ചിരുന്നു. ബിജെപി സ്ഥാനാര്‍ഥി പി.ജി. ഉപേന്ദ്രന് 59 വോട്ടും ലഭിച്ചു.
എന്നാല്‍, ഒരേസമയം നഗരസഭ കൗണ്‍സിലറായും മലബാര്‍ ദേവസ്വം ക്ഷേത്രം ജീവനക്കാരനായും സര്‍ക്കാരില്‍നിന്ന് ഇരട്ടപദവി ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതിനെ തുടര്‍ന്ന് കൗണ്‍സിലര്‍ പി. വിശ്വനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് കഴിഞ്ഞ ഫെബ്രുവരി 22ന് അയോഗ്യനാക്കുകയായിരുന്നു. പുതുക്കിയ പട്ടിക പ്രകാരം 590 സ്ത്രീകളും 495 പുരുഷന്മാരും ഉള്‍പ്പെടെ വാര്‍ഡില്‍ 1085 വോട്ടര്‍മാരുണ്ട്.