മഞ്ഞപ്പിത്തം: പുലാമന്തോളില്‍ പ്രതിരോധം ശക്തമാക്കി
1479901
Sunday, November 17, 2024 10:43 PM IST
പുലാമന്തോള്‍: പുലാമന്തോള്‍ പഞ്ചായത്തിലെ വടക്കേക്കര ഭാഗത്ത് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്രതിരോധം ഊര്‍ജിതപ്പെടുത്തി. ബോധവത്ക്കരണ ക്ലാസുകള്‍, ഗൃഹസന്ദര്‍ശനം, നോട്ടീസ് വിതരണം എന്നിവ നടത്തിവരുന്നു.
ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ കിണറുകളില്‍ ക്ലോറിനേഷന് നടത്തുന്നുണ്ട്. കുടിവെള്ള സ്രോതസുകള്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച്സൂപ്പര് ക്ലോറിനേഷന് നടത്തുന്നതിനും തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്കി. പ്രവര്‍ത്തനങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍,ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്.എസ്. ജിജി, എംഎല്‍എസ്പി നഴ്സ് രിസാന എന്നിവര്‍ നേതൃത്വം നല്കി.
മഞ്ഞപ്പിത്തം പടരാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വിവാഹം, പൊതുപരിപാടികള്‍, ജ്യൂസ് കടകള്‍, ഐസ് കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ മലിനമായ ജലസ്രോതസുകളില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നത് രോഗവ്യാപനത്തിന് ആക്കം കൂട്ടുമെന്ന് മുന്നറിയിപ്പ് നല്കി. ഹെപ്പറ്റൈറ്റിസ് എ വൈറസ് കരള്‍ വീക്കത്തിന് കാരണമാകാം. എന്നതിനാല്‍ കൃത്യസമയത്ത് ചികിത്സ തേടണമെന്ന മുന്നറിയിപ്പും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.