"വിജയസ്മൃതി’ പുരസ്കാരം കലാമണ്ഡലം രാജശേഖരന്
1479906
Sunday, November 17, 2024 10:43 PM IST
പെരിന്തല്‍മണ്ണ: കഥകളി ആചാര്യന് വാഴേങ്കട വിജയന്റെ പേരിലുള്ള പ്രഥമ ’വിജയസ്മൃതി’ പുരസ്കാരം പ്രസിദ്ധ കഥകളി നടനും കേരള കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പലുമായ കലാമണ്ഡലം രാജശേഖരന്. അരനൂറ്റാണ്ടിലേറെയായി കഥകളി രംഗത്ത് സജീവമാണ് രാജശേഖരന്. പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍നായരുടെ ശിഷ്യനായ അദ്ദേഹം സ്ത്രീവേഷപാത്രാവിഷ്ക്കരണത്തിലൂടെയാണ് പ്രസിദ്ധനായത്. 25000 രൂപയും പ്രശസ്തിപത്രവും അംഗവസ്ത്രവും അടങ്ങുന്നതാണ് പുരസ്കാരം.
വാഴേങ്കട വിജയന് ആശാന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായ 2025 ഫെബ്രുവരി 23ന് വാഴേങ്കടയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് സമിതി പ്രസിഡന്റ് പി.വി. ശ്യാമളന് നായര്‍, സെക്രട്ടറി കൃഷ്ണദാസ് വാഴേങ്കട, വൈസ്പ്രസിഡന്റ് എന്‍. പീതാംബരന് ആനമങ്ങാട് എന്നിവര്‍ അറിയിച്ചു.
കലാമണ്ഡലം കൃഷ്ണന് നായര്‍, മടവൂര്‍ വാസുദേവന്‍ നായര്‍, കലാമണ്ഡലം രാമന്‍കുട്ടിനായര്‍, കലാമണ്ഡലം ഗോപിയാശാന് എന്നിവരുടെ നായകവേഷങ്ങളോടൊപ്പം ധാരാളമായി നായികാ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. രാജശേഖരന് രചിച്ച ’കഥകളിയിലെ തെക്കന്‍ചിട്ട ആട്ടപ്രകാരം’ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രമുഖരായ ഒട്ടേറെ പേര് രാജശേഖരന്റെ ശിഷ്യന്മാരാണ്. കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്, കലാമണ്ഡലം അവാര്‍ഡ്, കേന്ദ്രഗവണ്മെന്റിന്റ സീനിയര്‍ ഫെലോഷിപ്പ്, കോട്ടയ്ക്കല്‍ ശിവരാമന് ഓര്മ പുരസ്കാരം, സുവര്‍ണമുദ്ര തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ: കൂടിയാട്ടം നങ്ങ്യാര്‍കൂത്ത് കലാകാരിയായ കലാമണ്ഡലം ശൈലജ. കൊല്ലം ചടയമംഗലം സ്വദേശിയായ രാജശേഖരന് തൃശൂര്‍ ജില്ലയില്‍ ചെറുതുരുത്തിയിലാണ് താമസം.