"അലിയുടെ ജീവിതം’ ഡോക്യുമെന്ററി ആരോഗ്യ ഫിലിം ഫെസ്റ്റിവലിലേക്ക്
1479908
Sunday, November 17, 2024 10:43 PM IST
മക്കരപ്പറമ്പ്: ഓള് ഇന്ത്യാ ആരോഗ്യ ഫിലിം ഫെസ്റ്റിവല്ലിലേക്ക് അലി അരിക്കത്ത് സംവിധാനം ചെയ്ത ദ് ലൈഫ് (ജീവിതം) ഡോക്യുമെന്ററി തെരഞ്ഞെടുക്കപ്പെട്ടു. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.എം. ഷാഹ് ഫൗണ്ടേഷനു കീഴില്‍ ഓള് ഇന്ത്യാതലത്തില്‍ നടത്തപ്പെടുന്ന പതിമൂന്നാമത് ഫിലിം ഫെസ്റ്റിവലിലേക്കാണ് മക്കരപ്പറമ്പ് പഴമുള്ളൂര്‍ സ്വദേശി അലി അരിക്കത്ത് സംവിധാനം ചെയ്ത ദ് ലൈഫ് ഡോക്യുമെന്ററി തെരഞ്ഞെടുക്കപ്പെട്ടത്. നിരവധി ഡോക്യുമെന്ററികള്‍ തയാറാക്കിയ അലി അരിക്കത്ത് ചരിത്രകാരന് കൂടിയാണ്.
മലബാര്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ കട്ടിലശേരി മുഹമ്മദ് മുസ്ലിയാരുടെയും എം.പി. നാരായണമേനോന്റെയും ജീവചരിത്രത്തെ ഇതിവൃത്തമാക്കി പത്ത് വര്‍ഷം മുമ്പ് അലി തയാറാക്കിയ ട്വിന്‍ ലെജന്‍ഡ്സ് ഓഫ് മലബാര്‍ എന്ന ഡോക്യുഫിക്ഷന് ഫിലിമിന് 2015ല്‍ വിബ്ജിയോര്‍ യംഗ് ഫിലിം മേക്കര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
വിവിധ കാരണങ്ങളാല്‍ സമൂഹം പുറംതിരിഞ്ഞ് നില്ക്കുന്ന അധസ്ഥിതരുടെയും നിരാലംബരുടെയും കണ്ണീരണിഞ്ഞ കഥകളും അവര്‍ സമൂഹത്തിലെ ഉന്നതരും ഉത്തമരുമാണെന്ന പൊതുബോധം പ്രേക്ഷകരിലുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ജീവിതമെന്ന ഡോക്യുമെന്ററിലൂടെ അലി നിര്‍വഹിച്ചത്. നാസര്‍ തിരുനാലത്താണ് നിര്‍മാണം.