ആലിപ്പറമ്പില്‍ സിപിഎമ്മും വിമതരും തമ്മിലുള്ള ബന്ധം മറനീക്കി പുറത്ത്
1460322
Thursday, October 10, 2024 9:06 AM IST
പെരിന്തല്‍മണ്ണ: ആലിപ്പറമ്പില്‍ സിപിഎമ്മും വിമതരും തമ്മിലുള്ള ബന്ധം മറനീക്കി പുറത്തുവന്നതായി മുസ്ലിംലീഗ് ആരോപണം. മുസ്ലിംലീഗിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആലിപ്പറമ്പ് പഞ്ചായത്തിലെ നിലവിലെ മുസ്ലിം ലീഗ് അംഗമായ പഞ്ചായത്ത് പ്രസിഡന്റിനോട് രാജിവയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, സംഘടനാ നിര്‍ദേശം ലംഘിച്ച് അദ്ദേഹം പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നു. പാര്‍ട്ടി തീരുമാനം നടപ്പാക്കുന്നതിന് യുഡിഎഫ് നിര്‍ദേശപ്രകാരം പ്രസിഡന്റിനെതിരെ ജൂലൈ 25ന് അവിശ്വാസ പ്രമേയം കൊണ്ടുവന്നു. എന്നാല്‍ ഏഴ് സിപിഎം അംഗങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ലീഗിലെ ഏഴ് വിമത മെംബര്‍മാര്‍ പാര്‍ട്ടി വിപ്പ് നല്‍കിയിട്ടും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തില്ല.
21 അംഗഭരണ സമിതിയില്‍ ക്വാറം തികയാത്തത് കാരണം അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുക്കാന്‍ സാധിച്ചില്ല. പിന്നീട് മുസ്ലിംലീഗ് പുറത്താക്കിയ പ്രസിഡന്റ് സിപിഎമ്മിനും ഒപ്പം ചേര്‍ന്ന് ഭരണം തുടരുകയാണ് ചെയ്യുന്നത്.
പ്രസിഡന്റ് അടക്കമുള്ള വിമതര്‍ സിപിഎം ബന്ധം നിഷേധിച്ചെങ്കിലും ഇപ്പോള്‍ മുസ്ലിം ലീഗ് പ്രതിനിധികളായ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ എ.പി. മജീദ്, വാഹിദ എന്നിവര്‍ക്കെതിരേ സിപിഎം മെംബര്‍മാരുടെ പിന്തുണയോടെ അവിശ്വാസപ്രമേയം കൊണ്ടുവരികയും വിമതരും സിപിഎമ്മും ചേര്‍ന്ന് അത് പാസാക്കുകയും ചെയ്തു.
ഇതോടെ സിപിഎമ്മും ഏഴ് വിമത മെംബര്‍മാരും തമ്മിലുള്ള അവിശുദ്ധ ബന്ധം ഇതോടെ മറനീക്കി പുറത്തുവന്നതായി ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. സിപിഎമ്മുമായി ചേര്‍ന്ന് ഭരണം നടത്തുന്ന പ്രസിഡന്റിനെയും വിമതരുടെയും നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗിന്റെ പ്രതിനിധിയായ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായ ടി.കെ. നവാസ് തല്‍സ്ഥാനം രാജിവച്ചു. പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് സംഘടനക്ക് തുരങ്കംവയ്ക്കുന്ന വിമതരുടെ നിലപാട് ജനാധിപത്യവിരുദ്ധവും ധാര്‍മികതക്കും നിരക്കാത്തതുമാണെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും യുഡിഎഫും അഭിപ്രായപ്പെട്ടു.
പാര്‍ട്ടി അച്ചടക്കം ലംഘിച്ച് സിപിഎം പാളയത്തിലെത്തിയ വിമതര്‍ക്കെതിരെ പാര്‍ട്ടി നടപടികളും നിയമനടപടികളും ഉണ്ടാകുമെന്നും നേതാക്കന്മാര് അറിയിച്ചു. പത്രസമ്മേളനത്തില്‍ പെരിന്തല്‍മണ്ണ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയും യുഡിഎഫ് കണ്‍വീനറുമായ അഡ്വ. എസ്. അബ്ദുസലാം പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് ടി.കെ. ഹംസ എന്ന മുത്തു, ജനറല്‍ സെക്രട്ടറി നൗഷാദ് അലി, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി എന്‍. മോഹന്‍ദാസ്, ഭാരവാഹികളും പഞ്ചായത്ത് അംഗങ്ങളുമായ എം.പി. മജീദ്, ടി.കെ. നവാസ്, മുസ്ലിംലീഗ് ഭാരവാഹി ശീലത്ത് അമീന് എന്നിവര്‍ പങ്കെടുത്തു.