കോരംകോട് അങ്കണവാടി നെല്ലിക്കുന്ന് റോഡ് തകര്‍ച്ചയില്‍
1454358
Thursday, September 19, 2024 5:04 AM IST
ആലിപ്പറമ്പ്: ആലിപ്പറമ്പ് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കോരംകോട് അങ്കണവാടി നെല്ലിക്കുന്ന് റോഡ് തകര്‍ന്നതിനാല്‍ കാല്‍നടയാത്ര ദുസഹമായി. റോഡിന്റെ വശങ്ങളില് ഒട്ടനവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.
സ്കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ നൂറുക്കണക്കിന് വാഹനങ്ങളാണ് ദിനേന ഇതുവഴി കടന്ന് പോകുന്നത്. മൂന്നു വര്‍ഷത്തിലധികമായി റോഡ് തകര്‍ച്ച നേരിടുകയാണ്. മെറ്റല്‍ അടര്‍ന്ന് റോഡിലുടനീളം കുഴികളാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് റോഡിന്റെ ഏതാനും ഭാഗം ടാറിട്ടത് ഒഴിച്ചാല്‍ മിക്ക ഭാഗങ്ങളും തകര്‍ന്നിരിക്കുന്നു.
ജലജീവന്‍ മിഷന് കുടിവെള്ള പദ്ധതിക്ക് റോഡിന്റെ വശങ്ങളില് ചാലെടുത്തതോടെ തകര്‍ച്ച രൂക്ഷമായി. തകര്‍ന്ന റോഡിലൂടെയുള്ള യാത്ര ഏറെ ദുരിതമാണ്. ഇതുവഴി ബസ് സര്‍വീസ് ഇല്ലാത്തതിനാല്‍ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയുമാണ് നാട്ടുകാര്‍ കൂടുതലായി ആശ്രയിക്കുന്നത്.
മഴക്കാലത്ത് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. ഓട്ടോറിക്ഷകള്‍ ഇതിലൂടെ സര്‍വീസ് നടത്താന്‍ വിമുഖത കാണിക്കുന്നു. സ്വന്തമായി വാഹനം ഇല്ലാത്തവരാണ് ഏറെ പ്രയാസപ്പെടുന്നത്.
റോഡിന്റെ ഒരുഭാഗത്ത് എല്‍പി സ്കൂളും മറ്റൊരു ഭാഗത്ത് സെക്കന്‍ഡറി മദ്രസയുമാണ്. റോഡിന്റെ തുടക്ക ഭാഗത്ത് ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്ത വിധത്തില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതിനാല്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ പണം പിരിവെടുത്താണ് റോഡിന്റെ പ്രവേശന ഭാഗം സഞ്ചാരയോഗ്യമാക്കിയത്. അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.