ചാലിയാറിന്റെ കുത്തൊഴുക്ക് വകഞ്ഞുമാറ്റി രക്ഷാപ്രവർത്തനം: അഗ്നിരക്ഷാ സേനക്ക് അഭിനന്ദനം
1443042
Thursday, August 8, 2024 5:11 AM IST
മഞ്ചേരി: വയനാട് ഉരുൾപ്പൊട്ടലിൽ ഒഴുകിയെത്തിയ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെടുക്കുന്നതിൽ ദിവസങ്ങളായി കൈമെയ് മറന്ന് പ്രവർത്തിക്കുന്ന അഗ്നിരക്ഷാസേനക്ക് അഭിനന്ദന പ്രവാഹം. അതീവ ദുഷ്കരമായ സാഹചര്യത്തിൽ പൂക്കോട്ടുമണ്ണ റെഗുലേറ്റർ ബ്രിഡ്ജിന് കുറുകെ വന്നടിഞ്ഞ മരത്തടികളും മുളങ്കൂട്ടങ്ങളും മാറ്റി മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെടുക്കുന്നതിൽ സേനാംഗങ്ങൾ കഴിവുറ്റ പ്രവർത്തനമാണ് നടത്തിയത്.
റീജണൽ ഫയർ ഓഫീസർ ഷിജുവിന്റെ നിർദേശ പ്രകാരം മഞ്ചേരി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരും മുസ്തഫ പറന്പൻപൂള, ആഷിക്ക് മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സിവിൽ ഡിഫൻസ് അംഗങ്ങളും സന്നദ്ധ പ്രവർത്തകരും ചേർന്ന് ടണ് കണക്കിന് മരത്തടികൾ മുറിച്ചുമാറ്റിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
മരത്തിനടിയിൽ കുടുങ്ങി ചിന്നിചിതറിയ ശരീരഭാഗങ്ങൾ ശേഖരിച്ച് പോത്തുകൽ പോലീസിൽ ഏൽപ്പിച്ചു. ചെയിൻ സോയുടെ സഹായത്തോടെയാണ് വലിയ മരങ്ങൾ മുറിച്ചു മാറ്റിയത്. റെഗുലേറ്റർ ബ്രിഡ്ജിന്റെ തൂണുകൾക്ക് ഭീഷണിയാകുമെന്ന് കണ്ട വലിയ മരങ്ങൾ കുത്തൊഴുക്കിൽ തള്ളിവിട്ട് പുഴയിലെ ജലപ്രവാഹം സുഗമമാക്കി.
ഇതിന് നേതൃത്വം നൽകിയ സേനയെ ജല അഥോറിറ്റി ഉദ്യോഗസ്ഥർ അഭിനന്ദിച്ചു. പ്രതികൂല സാഹചര്യത്തിൽ മൂന്നു ദിവസമായി കഠിന പ്രവർത്തനം ചെയ്യുന്ന മഞ്ചേരി സ്റ്റേഷൻ മാസ്റ്റർ ശിഹാബുദ്ദീനെ സംഭവ സ്ഥലം സന്ദർശിച്ച ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറൽ പത്മകുമാർ പ്രത്യേകം അഭിനന്ദിച്ചു.
പാലത്തിനടിയിൽ ജോലി ചെയ്യുന്ന ഫയർ ആൻഡ് റെസ്ക്യൂ സേനയ്ക്ക് സുരക്ഷയൊരുക്കി 200 മീറ്റർ താഴെ പുഴയിൽ എൻഡിആർഎഫ് സംഘം ഒൗട്ട് ബോർഡ് എൻജിൻ ഘടിപ്പിച്ച ബോട്ടുമായി സജ്ജമായിരുന്നു.