എംഇഎസില്‍ "വാത്സല്യം’സംഘടിപ്പിച്ചു
1424204
Wednesday, May 22, 2024 5:48 AM IST
പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കമ്മിറ്റി നടത്തുന്ന നിര്‍ധനരായ കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള സൗജന്യ പഠനോപകരണ വിതരണ പദ്ധതിയായ "വാത്സല്യം 2024 ’മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.
എംഇഎസ് മെഡിക്കല്‍ കോളജിനു സമീപത്തെ അഞ്ച് പഞ്ചായത്തുകളിലെയും പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റിയിലെയും അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഹമീദ് ഫസല്‍ ഉദ്ഘാടനം ചെയ്തു. എംഇഎസ്, ജനങ്ങളുടെ ആരോഗ്യത്തില്‍ മാത്രമല്ല ജീവിതത്തിലെ സുപ്രധാനമായ പല കാര്യങ്ങളിലും കാര്യക്ഷമമായി ഇടപെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം അഞ്ഞൂറിലധികം കുട്ടികള്‍ക്കു പഠനോപകരണങ്ങള്‍ നല്കിയ പദ്ധതി അടുത്തവര്‍ഷം ആയിരത്തിലധികം പേരിലേക്കെത്തിക്കുന്ന രീതിയില്‍ വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയില്‍ അംഗമായവര്‍ക്ക് എംഇഎസ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ കുറഞ്ഞ നിരക്കില്‍ ചികിത്സ നല്‍കുന്നതിനായി പ്രിവിലേജ് കാര്‍ഡുകളും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ചടങ്ങില്‍ പ്രിവിലേജ് കാര്‍ഡിന്റെ ഉദ്ഘാടനവും വാത്സല്യം പദ്ധതിയുടെ ലോഗോ പ്രകാശനവും നടത്തി. മെഡിക്കല്‍ കോളജ് ഡീന്‍ ഡോ. ഗിരീഷ് രാജ്, ജോയിന്റ് സ്റ്റാഫ് അഡൈ്വസര്‍ ഡോ. ആസിഫ് അലി ഉസ്മാന്, ഓപറേഷന്‍സ് മാനേജര്‍ ആര്. രാഹുല്‍, എംഇഎസ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കമ്മിറ്റി സെക്രട്ടറി അഡ്വ. മുഹമ്മദ് സബീര്‍, ട്രഷറര്‍ എം.പി.സി. നസീജ എന്നിവര്‍ പ്രസംഗിച്ചു. സൈക്യാട്രിസ്റ്റ് സുനി മുരളീധരന് മോട്ടിവേഷന്‍ ക്ലാസെടുത്തു.