മഞ്ചേരിയിൽ 166 തെരുവുനായ്ക്കളെ പിടികൂടി പേവിഷ പ്രതിരോധ കുത്തിവെപ്പ് നടത്തി
1337001
Wednesday, September 20, 2023 7:55 AM IST
മഞ്ചേരി: രണ്ട് ദിവസങ്ങളിലായി മഞ്ചേരിയിൽ 166 തെരുവുനായ്ക്കളെ പിടികൂടി പേ വിഷ പ്രതിരോധ കുത്തിവെപ്പിന് വിധേയരാക്കി.
നഗരസഭയുടെ പേവിഷ പ്രതിരോധ കുത്തിവെപ്പ് പരിപാടിയുടെ ഭാഗമായാണ് ഇത്. പ്രത്യേകം പരിശീലനം ലഭിച്ച ആറംഗ സംഘമാണ് നായ്ക്കളെ പിടികൂടുന്നത്. മെഡിക്കൽ കോളജ് പരിസരം, നെല്ലിപ്പറന്പ്, തുറക്കൽ എന്നിവിടങ്ങളിൽ നിന്നാണ് തെരുവുനായ്ക്കളെ പിടികൂടിയത്. കുത്തിവെപ്പ് നൽകിയ നായ്ക്കൾക്ക് പ്രത്യേകം അടയാളമിട്ടാണ് വിട്ടയച്ചത്. നെല്ലിപ്പറന്പ് പോളി ക്ലിനിക്ക് പരിസരത്ത് നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ വി.പി. ഫിറോസ്, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ മരുന്നൻ മുഹമ്മദ്, കൗണ്‍സിലർമാരായ അഹമ്മദ് ഹുസൈൻ മേച്ചേരി, യാഷിക് മേച്ചേരി, ക്ലീൻ സിറ്റി മാനേജർ ജെ.എ. നുജൂം സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. സലീം, സീനിയർ വെറ്ററിനറി സർജൻ ഡോ. ഇ. കുഞ്ഞിമൊയ്തീൻ എന്നിവർ സംബന്ധിച്ചു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ അനിൽകുമാർ, ബാലകൃഷ്ണൻ എന്നിവർ കുത്തിവെപ്പിന് നേതൃത്വം നൽകി.