"കരുതലും കൈത്താങ്ങും’ അദാലത്തുകൾ സമാപിച്ചു
1297610
Saturday, May 27, 2023 12:21 AM IST
കൊണ്ടോട്ടി: വെള്ളക്കരം കുടിശിക, ഭൂനികുതി അടയ്ക്കാൻ സാധിക്കാത്തത് തുടങ്ങി സർക്കാർ ഓഫീസുകളിൽ നിന്ന് പരിഹാരം ലഭിക്കാതെ പോയ പ്രശ്നങ്ങളും പരാതികളുമായി എത്തിയവർക്കു മുന്നിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉടനടി നടപടികളുമായി സജീവമായപ്പോൾ കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ നടന്ന അദാലത്തിൽ ഒട്ടേറെപ്പേരുടെ ആധികൾക്ക് വിരാമമായി.
പരാതിക്കാരുടെ വാക്കുകൾക്ക് ചെവിയോർത്തും ആശ്വാസവാക്കുകൾ ചൊല്ലിയും മന്ത്രിമാരായ വി. അബ്ദുറഹിമാൻ, പി.എ മുഹമ്മദ് റിയാസ് എന്നിവർ സജീവമായപ്പോൾ അദാലത്ത് സർക്കാരിന്റെ ജനപക്ഷ ഇടപെടലുകളുടെ സാക്ഷ്യമായി.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി താലൂക്ക് തലങ്ങളിൽ സംഘടിപ്പിക്കുന്ന "കരുതലും കൈത്താങ്ങും’ പരാതിപരിഹാര അദാലത്തിലെ മലപ്പുറം ജില്ലയിലെ അവസാനത്തെ അദാലത്താണ് ഇന്നലെ കൊണ്ടോട്ടിയിൽ നടന്നത്.
മേയ് 15ന് ഏറനാട്, 16ന് നിലന്പൂർ, 18ന് പെരിന്തൽമണ്ണ, 22ന് തിരൂർ, 23ന് പൊന്നാനി, 25ന് തിരൂരങ്ങാടി, 26ന് കൊണ്ടോട്ടി എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിൽ അദാലത്തുകൾ സംഘടിപ്പിച്ചത്. പെരിന്തൽമണ്ണ താലൂക്ക്തല അദാലത്തിൽ മന്ത്രി ആന്റണി രാജുവും പങ്കെടുത്തു. ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങൾ ഓരോ അദാലത്തുകളും സ്വീകരിച്ചത്.
സാധ്യമാകുന്ന പരാതികളെല്ലാം ഉടൻ പരിഹരിച്ചു. ശേഷിക്കുന്നവയിൽ പത്തു ദിവസത്തിനകം പരിഹാരം കാണാൻ വകുപ്പുകൾ നിർദേശം നൽകിയിട്ടുണ്ട്. അദാലത്തിന്റെ പരിഗണനാ വിഷയമല്ലാത്തവയിൽ മാത്രമാണ് പരിഹാരം കാണാൻ കഴിയാതിരുന്നത്.
അദാലത്തിന് എത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങളാണ് എല്ലായിടത്തും ഒരുക്കിയിരുന്നത്. ജില്ലാ കളക്ടർ, ജില്ലാ വികസന കമ്മീഷണർ, സബ് കളക്ടർമാർ, അസിസ്റ്റന്റ് കളക്ടർ, എഡിഎം, ഡെപ്യൂട്ടി കളക്ടർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പരാതി പരിഹാര കൗണ്ടറുകളും ഇവ കൂടാതെ വിവിധ സർക്കാർ വകുപ്പുകളുടെ കൗണ്ടറുകളും അപേക്ഷകരുടെ പരാതികൾ പരിഗണിക്കുന്നതിനായി ഒരുക്കിയിരുന്നു.
വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുൾപ്പടെയുള്ളവരും പ്രത്യേകമായി ഒരുക്കിയ കൗണ്ടറുകളിൽ അണിനിരന്നു. ഭിന്നശേഷിക്കാർക്ക് മാത്രമായി പ്രത്യേക കൗണ്ടറും സജ്ജമാക്കിയിരുന്നു.