സാന്പത്തിക നിയന്ത്രണത്തിനെതിരേ യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധസമരം
1283020
Saturday, April 1, 2023 12:16 AM IST
നിലന്പൂർ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാന്പത്തിക നിയന്ത്രണത്തിനെതിരെ ചാലിയാർ പഞ്ചായത്തിൽ യുഡിഎഫ്. അംഗങ്ങളുടെ പ്രതിഷേധ സമരം. പഞ്ചായത്ത് ഉപാധ്യക്ഷ ഗീതാ ദേവദാസിന്റെ നേത്യത്വത്തിലായിരുന്നു പ്രതിഷേധ സമരം. കുത്തുപാളകൾ കൈയിൽ പിടിച്ചാണ് പഞ്ചായത്ത് ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കുത്തുപാളയെടുപ്പിക്കുന്ന നിലപാടിൽ നിന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പിൻമാറണമെന്നാണ് പ്രധാന ആവശ്യം. പദ്ധതി വിഹിതത്തിൽ പഞ്ചായത്തിന് ലഭിക്കേണ്ട 4,07,59,993 രൂപയിൽ മാർച്ച് 15 വരെ ലഭിച്ചത് 3,05,81,156 രൂപയാണ്. ഇതിൽ 50 ലക്ഷം രൂപയുടെ ബില്ലുകൾ മാറാൻ കഴിയാതെ നിൽക്കുകയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടി കുറക്കുന്പോൾ അത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യു.ഡി.എഫ്. അംഗങ്ങൾ പറഞ്ഞു. പദ്ധതി വിഹിതം വെട്ടിക്കുറച്ചതിലൂടെ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലെ ഗുണഭോക്തക്കൾക്ക് വരെ ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. പദ്ധതി വിഹിതം കൃത്യസമയത്ത് ലഭിക്കാതിരുന്നതും നിലവിലെ പ്രതിസന്ധിക്ക് കാരണമായതായി യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. സാധാരണക്കാർക്ക് ആനുകൂല്യങ്ങൾ ലഭിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഘട്ടം ഘട്ടമായി തകർക്കുന്ന സമീപനത്തിൽ നിന്ന് സർക്കാർ പിൻതിരിയണമെന്നും യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. പഞ്ചായത്ത് ഓഫീസിന് മുൻപിലായിരുന്നു പ്രതിഷേധം. സ്ഥിരംസമിതി അധ്യക്ഷൻമാരായ തോണിയിൽ സുരേഷ്, ബീനാ ജോസഫ്, സുമയ്യ പൊന്നാംകടവൻ, അംഗങ്ങളായ ടി.ബി. ജയശ്രീ, സിബി അന്പാട്ട്, മഞ്ജു അനിൽ, ഗ്രീഷ്മ പ്രവീണ് എന്നിവർ സമരത്തിൽ പങ്കെടുത്തു.