"കരുതലും കൈത്താങ്ങും’: മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ
1282705
Friday, March 31, 2023 12:01 AM IST
മലപ്പുറം: മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ പരാതി പരിഹാര അദാലത്തുകൾ സംഘടിപ്പിക്കുന്നു. കായിക വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് മലപ്പുറം ജില്ലയിൽ ’കരുതലും കൈത്താങ്ങും’ എന്ന പേരിൽ താലൂക്കുതല അദാലത്തുകൾ നടക്കുന്നത്.
ഏപ്രിൽ ഒന്നു മുതൽ 15 വരെ മലപ്പുറം കളക്ടറേറ്റ്, താലൂക്ക് ഓഫീസുകളിൽ നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും ഓണ്ലൈനിലൂടെയും പരാതികൾ സ്വീകരിക്കും. മേയ് 15 ന് ഏറനാട്, 16 ന് നിലന്പൂർ, 18 ന് പെരിന്തൽമണ്ണ, 20 ന് പൊന്നാനി, 22 ന് തിരൂർ, 25 ന് തിരൂരങ്ങാടി, 26 ന് കൊണ്ടോട്ടി എന്നിങ്ങനെയാണ് അദാലത്തുകൾ നടക്കുക.അദാലത്തിൽ അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കൈയേറ്റം തുടങ്ങി ഭൂമി സംബന്ധമായ പ്രശ്നങ്ങൾ, സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ നൽകുന്നതിലെ കാലതാമസവും നിരസിക്കലും, തണ്ണീർത്തട സംരക്ഷണം, വീട്, വസ്തു, -ലൈഫ് പദ്ധതി, വിവാഹ- പഠന ധനസഹായം തുടങ്ങിയ ക്ഷേമപദ്ധതികൾ, പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശിക ലഭിക്കൽ, പെൻഷൻ അനുവദിക്കൽ ആവശ്യം, പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്കരണം, തെരുവുനായ സംരക്ഷണം, അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റുന്നത്,
തെരുവുവിളക്കുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അതിർത്തി തർക്കങ്ങളും വഴി തടസപ്പെടുത്തലും, ശല്യം, വയോജന സംരക്ഷണം, വന്യജീവി ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം, നഷ്ടപരിഹാരം, വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ച പരാതികൾ/ അപേക്ഷകൾ, മത്സ്യബന്ധന തൊഴിലാളികളുടെ ക്ഷേമ, വികസന പ്രവർത്തനങ്ങൾ, ആശുപത്രികളിലെ മരുന്ന് വിതരണം, ക്ഷാമം, ശാരീരിക, ബുദ്ധി, മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, വ്യവസായ സംരംഭങ്ങൾക്ക് അനുമതി ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഗണിക്കും.കക്ഷിയുടെ പേര്, വിലാസം, മൊബൈൽ നന്പർ, ജില്ല, താലൂക്ക് എന്നിവ നിർബന്ധമായും പരാതിയിൽ ഉൾപ്പെടുത്തണം. പരാതി സമർപ്പിച്ച് കൈപ്പറ്റ് രസീത് വാങ്ങേണ്ടതാണ്.
അദാലത്തിൽ പരിഗണിക്കുവാൻ നിശ്ചയിച്ചിട്ടുളള വിഷയങ്ങൾ സംബന്ധിച്ച പരാതികൾ മാത്രമാണ് സമർപ്പിക്കേണ്ടത്. മറ്റു വിഷയങ്ങൾ സംബന്ധിച്ച പരാതികൾ വകുപ്പ് മേധാവികൾ, വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മന്ത്രിമാർ എന്നിവർക്ക് നേരിട്ടോ cmo.kerala.gov.in വെബ് പോർട്ടലിലൂടെ മുഖ്യമന്ത്രിക്കോ സമർപ്പിക്കാം. ഉദ്യോഗസ്ഥതലത്തിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളിൽ അദാലത്തിൽ മന്ത്രിമാർ തീരുമാനം കൈക്കൊള്ളും.അദാലത്തുകൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ കായിക വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ, ജില്ലാ വികസന കമ്മീഷണർ രാജീവ്കുമാർ ചൗധരി, സബ്കളക്ടർമാരായ ശ്രീധന്യ സുരേഷ്, സച്ചിൻ കുമാർ യാദവ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എൻ.എം മെഹറലി, വിവിധ വകുപ്പ് മേധാവികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.