വെഞ്ഞാറമൂട് ജംഗ്ഷനിലെ ഫ്ലൈ ഓവർ നിർമാണം തുടങ്ങി
1591079
Friday, September 12, 2025 6:33 AM IST
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
വെഞ്ഞാറമൂട്: ജംഗ്ഷനിലെ ഫ്ലൈ ഓവറിന്റെ നിർമാണം ആരംഭിച്ചു. അതുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി വെഞ്ഞാറമൂട് പോലീസ് ഇൻസ്പക്ടർ ആസാദ് അബ്ദുൽ കലാം അറിയിച്ചു.
കൊട്ടാരക്കര ഭാഗത്തു നിന്നും തിരുവനന്തപുരത്തേക്കു പോകുന്ന കെഎസ് ആർടിസി ഒഴികെയുള്ള ചരക്കു വാഹനങ്ങൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ കിളിമാനൂരിൽനിന്നും തിരിഞ്ഞു നഗരൂർ വഴി ആലങ്കോടെത്തി എൻഎച്ച്എൽ പ്രവേശിച്ച് കഴക്കൂട്ടം ഭാഗത്തേക്കു പോകണം.
കൊട്ടാരക്കരയിൽനിന്നും പോത്തൻകോട്, കഴക്കൂട്ടം തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട മറ്റുവാഹനങ്ങൾ അമ്പലമുക്കിൽനിന്നും തിരിഞ്ഞു ബൈപ്പാസ് കേറി പിരപ്പൻകോടെത്തി എംസി റോഡിൽ പ്രവേശിച്ച് യാത്ര തുടരണം.
തിരുവനന്തപുരം സിറ്റിയിൽനിന്നും എംസി റോഡ് വഴി കൊട്ടാരക്കര ഭാഗത്തേക്കു പോകേണ്ട കെഎസ്ആർടിസി ഒഴികെയുള്ള ചരക്കു-ഹെവി വാഹനങ്ങൾ കഴക്കൂട്ടത്ത് എത്തി ആറ്റിങ്ങൽ വഴി ആലങ്കോടു നിന്നും തിരിഞ്ഞു കിളിമാനൂരിലെത്തി എംസി റോഡിൽ പ്രവേശിച്ച് യാത്ര തുടരണം.
വട്ടപ്പാറയിൽനിന്നും കൊട്ടാരക്കര ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ കന്യാകുളങ്ങരയിൽനിന്നും തിരിഞ്ഞു പോത്തൻകോട് വഴി മംഗലാപുരത്തെത്തി എൻഎച്ചിൽ പ്രവേശിച്ച് ആറ്റിങ്ങൽ വഴി ആലങ്കോട് നിന്നും തിരിഞ്ഞു കിളിമാനൂർ വഴി എം സി റോഡിൽ പ്രവേശിച്ച് യാത്ര തുടരണം. പോത്തൻകോട് ഭാഗത്തുനിന്നും വെഞ്ഞാറമൂട് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ മംഗലാപുരം ഭാഗത്തെത്തി എൻഎച്ചിൽ പ്രവേശിച്ച് ആറ്റിങ്ങൽ വഴി ആലങ്കോട് നിന്നും തിരിഞ്ഞു കിളിമാനൂർ വഴി എം സി റോഡിൽ പ്രവേശിച്ച് യാത്ര തുടരണം.
പോത്തൻകോട് ഭാഗത്തുനിന്നും വെഞ്ഞാറമൂട് ഭാഗത്തേക്കു വരുന്ന കെഎസ്ആർടിസി വാഹനങ്ങൾ തൈക്കാട് ജംഗ്ഷനു മുമ്പുള്ള സമന്വയ നഗറിൽ എത്തി ഇടത്തേക്കു തിരിഞ്ഞു യാത്ര ചെയ്തു ആറ്റിങ്ങൽ റോഡിലുള്ള പാക്കിസ്ഥാൻ മുക്കിലെത്തി വെഞ്ഞാറമൂട് ഭാഗത്തേക്ക് യാത്ര ചെയ്യണം.
തിരുവനന്തപുരം ഭാഗത്തുനിന്നും വരുന്ന ലൈറ്റ് വാഹനങ്ങൾ പിരപ്പൻകോട് നിന്നും ബൈപ്പാസ് വഴി നാഗരുകുഴി കുറ്റിമൂട് എത്തി അമ്പലമുക്കു നിന്നും എംസി റോഡിൽ പ്രവേശിച്ച് യാത്ര തുടരണം. തിരുവനന്തപുരം ഭാഗത്തുനിന്നും വരുന്ന കെഎസ്ആർടിസി വാഹനങ്ങൾ തൈക്കാട് എത്തി സമന്വയ നഗർ വഴി ആറ്റിങ്ങൽ റോഡിലുള്ള പാക്കിസ്ഥാൻ മുക്കിലെത്തി വെഞ്ഞാ റമൂട് ഭാഗത്ത് പ്രവേശിക്കണം.
ഒന്നാംഘട്ട പൈലിംഗ് ജോലികൾ ആരംഭിച്ചിരിക്കുകയാണ്. ആയത് കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമാണു നടക്കുന്നത്. പെൻസിൽ ക്രമീകരണങ്ങളും നടന്നുവരുന്നുണ്ട്. പൈലിംഗ് വർക്ക് പുരോഗമിക്കുന്ന പക്ഷം ഫെൻസിംഗ് ക്രമീകരിക്കുകയും ആ സമയം ഗതാഗത നിയന്ത്രണം പുനഃക്രമീകരിക്കുമെന്നും ഇസ്പെക്ടർ അറിയിച്ചു.