അട്ടക്കുളങ്ങരയിലെ തീപിടിത്തം; നഷ്ടം 10 കോടിയെന്നു ഫയര്‍ഫോഴ്സ്
1591082
Friday, September 12, 2025 6:33 AM IST
പേരൂര്‍ക്കട: അട്ടക്കുളങ്ങരയില്‍ ഓടു പാകിയ വീട്ടിലുണ്ടായ തീപിടിത്തത്തിലൂടെയുണ്ടായത് 10 കോടിരൂപയുടെ നഷ്ടമെന്നു തിരുവനന്തപുരം ഫയര്‍ഫോഴ്സ് സംഘം. കഴിഞ്ഞദിവസം രാവിലെ ഏഴോടെയാണു പുത്തന്‍തെരുവ് ആനവാല് തെരുവില്‍ സോമന്റെ വീടിനു തീപിടിച്ചത്.
പുലര്‍ച്ചെ നിലവിളക്ക് കത്തിച്ചുവച്ചശേഷം സോമന്റെ കുടുംബം ക്ഷേത്രദര്ശനത്തിനുപോയിരുന്നു. അയല്‍വാസികളാണ് വീട്ടില്‍നിന്നു തീയും പുകയും ഉയരുന്നതു കണ്ടത്. തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍നിന്ന് സ്റ്റേഷന് ഓഫീസര്‍മാരായ കെ.എന്‍. ഷാജി, എസ്. അനീഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട മൂന്നു യൂണിറ്റെത്തി രണ്ടു മണിക്കൂര്‍ പരിശ്രമിച്ചാണ് തീ കെടുത്തിയത്.
അടുത്തടുത്ത് വീടുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലമാണ് പുത്തന്‍ തെരുവ്. സോമന്റെ വീട്ടില്‍ പടര്‍ന്ന തീ സമീപത്തെ രണ്ടുവീടുകളിലേക്കു വ്യാപിച്ചുവെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നതിനുമുമ്പുതന്നെ ഫയര്‍ഫോഴ്സ് രക്ഷാപ്രവർത്തനം നടത്തി. സോമന്റെ വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങള്‍, അടുക്കളസാധനങ്ങള്‍, ഫര്‍ണീച്ചറുകള്‍ തുടങ്ങിയവ മുഴുവനായി കത്തിനശിക്കുകയായിരുന്നു.