കുട്ടിപ്പോലീസ് പെയിന്റടിച്ചു; കാത്തിരിപ്പു കേന്ദ്രം പുത്തനായി
1591333
Saturday, September 13, 2025 6:41 AM IST
വിതുര: ബോണക്കാട് ഫാക്ടറി ജംഗ്ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രം പെയിന്റ് ചെയ്ത് പുത്തനാക്കി വിതുര വിഎച്ച്എസ്എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ. എസ്പിസി സംസ്ഥാന തലത്തിൽ നടത്തിയ ത്രിദിന ഓണം ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഫീൽഡ് വിസിറ്റിന്റെ ഭാഗമായാണ് പെയിന്റിംഗ്.
ആക്രി വിറ്റും ഭക്ഷണ ചലഞ്ചുകൾ നടത്തിയും കണ്ടെത്തിയ തുക ഉപയോഗിച്ചാണ് കേഡറ്റുകൾ ബസ് സ്റ്റോപ്പ് പെയിന്റ് ചെയ്തത്. ഫീൽഡ് വിസിറ്റിന്റെ ഭാഗമായി പ്രകൃതി നടത്തവും നടത്തി. ലയങ്ങളിൽ എത്തി തോട്ടം തൊഴിലാളികളുമായി സംവദിച്ച ശേഷമാണ് കുട്ടികൾ മടങ്ങിയത്. സീനിയർ-ജൂനിയർ വിഭാങ്ങളിലെ 88 കേഡറ്റുകളാണ് പങ്കെടുത്തത്.
മൂന്നു ദിവസത്തെ അവധിക്കാല ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ.ജി. ആനന്ദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ആർ.രവിബാലൻ പതാകയുയർത്തി. മൂന്നു ദിവസത്തെ ക്യാമ്പിൽ വ്യക്തിത്വ വികസനം, ഡിജിറ്റൽ ലിറ്ററസി, സൈബർ സുരക്ഷ തുടങ്ങി വിവിധ സെഷനുകൾ ചർച്ച ചെയ്തു. സമാപന ചടങ്ങ് വിതുര എസ്എച്ച് പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.