വ്യാജ മോഷണക്കേസ്: ഒരാൾക്കു കൂടി ജാമ്യം
1591328
Saturday, September 13, 2025 6:41 AM IST
നെടുമങ്ങാട്: വീട്ടുജോലിക്കാരിക്കെതിരെ വ്യാജ മോഷണ കേസു ചുമത്തിയ സംഭവവമായി ബന്ധപ്പെട്ട് ഒരാൾക്കുകൂടി ജാമ്യം. വീട്ടു ജോലിക്കാരിയായ പനയമുട്ടം സ്വദേശി ബിന്ദു മാല മോഷ്ടിച്ചതായി കാട്ടി പേരൂര്‍ക്കട പൊലീസില്‍ പരാതി നല്കിയ വീട്ടുടമ ഓമന ഡാനിയേലിന്റെ മകള്‍ നിഷാ ഡാനിയേലിനാണ് ജാമ്യം ലഭിച്ചത്.
നെടുമങ്ങാട് എസ്സിഎസ്ടി കോടതി മജിസ്ട്രേട്ട് എ. ഷാജഹാനാണ് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റു പ്രതികളായ ഓമന ഡാനിയേലിനും പേരൂര്‍ക്കട എസ്ഐ പ്രസാദിനും നേരത്തേ ജാമ്യം ലഭിച്ചിരുന്നു. സ്റ്റേഷനിലെ എഎസ്ഐ പ്രസന്നന് ഒഴിച്ചുള്ള മറ്റെല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു.
പ്രസന്നന് ഇനിയും കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ ഇരുപതിനാണ് വീട്ടില്‍ നിന്നും മാലമോഷ്ടിച്ചുവെന്ന് ആരോപിച്ച് പേരൂര്‍ക്കട എന്‍സിസി നഗര്‍ ബഥേല്‍ വീട്ടില്‍ ഓമന ഡാനിയേല്‍ ബിന്ദുവിനെതിരെ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയത്.കസ്റ്റഡിയിലായ ബിന്ദുവിനെ പൊലീസ് മാനസികമായി പീഡിപ്പിച്ചതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് എസ്ഐഎയും എഎസ്ഐയേയും സര്‍വീസില്‍ നിന്നും സസ്പെന്‍ഡു ചെയ്തിരുന്നു.
കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് മാലമോഷണ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.