തകർന്നു വീഴാവുന്ന നിലയിൽ ബാരിക്കേഡുകൾ : മുക്കോലയിൽ പതിയിരിക്കുന്നത് അപകടം
1591324
Saturday, September 13, 2025 6:41 AM IST
വിഴിഞ്ഞം: കോവളം - കാരോട് ബൈപ്പാസിലെ സർവീസ് റോഡിൽ മുക്കോല ഭാഗത്ത് പതിയിരിക്കുന്നത് വൻ അപകടം .ജനത്തിന്റെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാൻ ലക്ഷ്യം വച്ച് നിർമിച്ച ബാരിക്കേഡുകളിൽ ചിലത് തുരുമ്പെടുത്തു നശിച്ചു.
ഉറപ്പിച്ചിരുന്ന ആണികൾ ഇളകിമാറി ഏത് നിമിഷവും ഇവ തകർന്ന് വീഴാവുന്ന അവസ്ഥയിലുമായി. മുക്കോലയിൽ നിന്ന് ബാലരാമപുരത്തേക്ക് പോകുന്ന റോഡിലെ പാലത്തോട് ചേർന്നാണ് ഏപ്പോൾ വേണമെങ്കിലും തകർന്ന് വീഴാവുന്ന അവസ്ഥയിൽ ബാരിക്കേഡുള്ളത്.
അൻപതടിയോളം താഴ്ചയിലൂടെ കടന്നുപോകുന്ന പ്രധാന ബൈ റോഡിൽ പതിക്കാതെ വാഹന യാത്രക്കാരുടേയും കാൽനടയാത്രക്കാരുടേയും സുരക്ഷ ഉറപ്പുവരുത്താനാണ് ബാരിക്കേഡുകൾ നിർമിച്ചത്. ഏറെ ഉയരമുള്ള സ്ഥലങ്ങളിലും ബാരിക്കേഡിന് രണ്ടടിയോളം മാത്രം പൊക്കമുള്ളതിൽ വ്യാപക പരാതി ഉയരുന്നതിനു പുറമേയാണ് ഇപ്പോഴത്തെ അവസ്ഥ.
ബാരിക്കേഡുകളുടെ പൊക്കക്കുറവ് കാരണം നടന്ന് പോകുന്നതിനിടയിൽ അതിഥി തൊഴിലാളികളായ രണ്ട് പേർ നേരത്തെ കാൽ വഴുതി താഴ്ചയിലേക്ക് പതിച്ച സംഭവവും അരങ്ങേറിയിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമായിരുന്നു.
ഇരുചക്ര വാഹനവും ചരക്കു ലോറിയുംവരെ പൊക്കം കുറഞ്ഞ ബാരിക്കേഡുകൾ തകർത്ത് തിരക്കുള്ള ബൈ റോഡിലേക്ക് വീണ് യാത്രക്കാർക്ക് പരിക്കേറ്റ സംഭവങ്ങളും മുക്കോലഭാഗത്ത് അരങ്ങേറിയിരുന്നു. തലനാരിഴക്കാണ് എല്ലായ്പ്പോഴും വലിയ അപകടങ്ങൾ ഒഴിവായത്. പാലത്തിൽ നിന്ന് വാഹനങ്ങളും യാത്രക്കാരും വളവ് തിരിഞ്ഞ് വരുന്ന ഭാഗത്താണ് നിലവിലെ അപകടക്കെണി.
കൂടാതെ പാലത്തിന്റെ വശങ്ങളിലെ തെരുവ് വിളക്കുകളുടെ അഭാവവും അപകടഭീഷണി കൂട്ടുന്നു. തുറമുഖ നിർമാണത്തിനുള്ള പാറക്കല്ലും മറ്റുമായി ദിനംപ്രതി നൂറ് കണക്കിന് ടിപ്പർ ലോറികൾ കടന്ന് പോകുന്ന ഇടുങ്ങിയ ഒറ്റവരിപ്പാതയാണ് സർവീസ് റോഡുകൾ. കൂറ്റൻ വാഹനങ്ങൾ വന്നാൽ വഴിയാത്രക്കാർക്ക് പോലും ഒന്ന് മാറി നിൽക്കാൻ ഇടമില്ലാത്ത തരത്തിലാണ് നിർമാണവും.