അനധികൃത അരിഷ്ടം പിടികൂടി
1591330
Saturday, September 13, 2025 6:41 AM IST
പൂവാർ: മദ്യം കലർത്തി വിൽപ്പന നടത്തിവന്ന അരിഷ്ടം പിടികൂടി. പൂവാർ മെഡിഗാർഡ് ഫാർമസ്യൂട്ടിക്കൽസ് ഏജൻസിയിൽ നിന്നാണ് അനധികൃത അരിഷ്ടം പിടികൂടിയത്. നെയ്യാറ്റിൻകര എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന് നിയമാനുസൃതമായ ലൈസൻസുകൾ ഒന്നും ഇല്ലെന്ന് കണ്ടെത്തി.നാലോളം കമ്പനികളുടെ അരിഷ്ടങ്ങളാണ് പിടികൂടിയത്. കൂടാതെ 9350 രൂപയും കണ്ടെടുത്തു.
തുടർന്ന് സ്ഥാപനം എക്സെസ് പൂട്ടിച്ചു. ഡോക്ടറുടെ കുറുപ്പടി ഇല്ലാതെയാണ് അരിഷ്ട വില്പന നടത്തിയതെന്ന് റെയ്ഡിന് നേതൃത്വം നൽകിയ നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിനോദ്, ഇൻസ്പെക്ടർ അജയകുമാർ എന്നിവർ വ്യക്തമാക്കി. അനധികൃത അരിഷ്ടം വിൽപ്പന നടത്തിയതിന് അനിൽകുമാർ, ഫാറൂഖ് എന്നിവരുടെ പേരിൽ കേസ് എടുത്തു.
തീരപ്രദേശം ഉൾപ്പെടെ തൊട്ടടുത്ത ഗ്രാമമീണ മേഖലകൾ കേന്ദ്രീകരിച്ച് പാൻമസാലകളും അനധികൃത അരിഷ്ടം, കഞ്ചാവ് എന്നിവയുടെ വ്യാപാരം വ്യാപകമാണെന്ന് നാട്ടുകാർ പറയുന്നു. അധികൃതരുടെ മൂക്കിന് താഴെയാണ് അനധികൃത ലഹരി വസ്തുക്കളുടെ വ്യാപാരം പൊടിപൊടിക്കുന്നതെന്നും ആക്ഷേപമുണ്ട്. ലഹരി സംഘങ്ങളുടെ താവളമായി പൂവാർ മാറിയിട്ടും അധികൃതർ ജാഗ്രത പുലർത്തുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.