യുവതിയുടെ മരണം ചികിത്സാപ്പിഴവ് മൂലമെന്നു ബന്ധുക്കൾ
1591327
Saturday, September 13, 2025 6:41 AM IST
നെടുമങ്ങാട്: സ്വകാര്യ ആശുപത്രിയിൽ യുവതി മരിച്ചത് ചികിത്സാ പിഴവുമൂലമെന്നു ആരോപിച്ച് ബന്ധുക്കൾ. അരുവിക്കര വെമ്പന്നൂർ കുറുന്തോട്ടം ചിത്തിരയിൽ ഹരിയുടെ ഭാര്യ ആർ.ദീപ (38) ആണ് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമായ ശേഷം മരിച്ചത്.
പരാതിയെ തുടർന്ന് അരുവിക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴിഞ്ഞ 10ന് പുലർച്ചെ വയറു വേദനയെ തുടർന്നാണ് ദീപ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.അന്നേ ദിവസം മരുന്ന് നൽകി വിട്ടു. രോഗം കുറയാത്തതോടെ വൈകുന്നേരം 4.30 ന് വീണ്ടും ആശുപത്രിയിൽ എത്തി.
ഉടൻ ഡോക്ടറുടെ നിർദേശാനുസാരണം ശസ്ത്രക്രിയക്ക് വിധേയയായി. ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ മൃതദേഹമാണ് ലഭിച്ചതെന്നും ചികിത്സാ പിഴവാണെന്നും ബന്ധുക്കൾ ആരോപിച്ചു. ശസ്ത്രക്രിയ വിജയമാണെന്ന് ഡോക്ടർ പറഞ്ഞതിന് മൂന്ന് മണിക്കൂർ ശേഷം ഹൃദയസ്തംഭനം മൂലം ആണ് രോഗി മരിച്ചതെന്നു ആശുപത്രി അധികൃതർ അറിയിച്ചെന്നും ബന്ധുക്കൾ പറഞ്ഞു. ഇന്നലെ പുലർച്ചെയാണ് ദീപ മരിച്ചതായി ബന്ധുക്കളെ അറിയിച്ചത്. ആർഡിഓയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
അതേസമയം സ്കാൻ ചെയ്തപ്പോൾ ഉടനടി ശസ്ത്രക്രിയ ആവശ്യമായതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഇതിന് മുൻപ് തന്നെ യുവതിയുടെ നില ഗുരുതരം ആണെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നതായും ആശുപത്രി അധികൃതർ പറഞ്ഞു. വെന്റിലേറ്ററിലേക്ക് മാറ്റിയാണ് ശസ്ത്രക്രിയ നടത്തിയതെന്നും 48 മണിക്കൂർ കഴിഞ്ഞാൽ മാത്രമേ അപകട നിലതരണം ചെയ്യുകയുള്ളൂ എന്നും ബന്ധുക്കളെ അറിയിച്ചിരുന്നതായും ചികിത്സാപ്പിഴവല്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. അഭിനന്ദനയാണ് ദീപയുടെ മകൾ.