മദ്യലഹരിയിൽ സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍
1591083
Friday, September 12, 2025 6:33 AM IST
പേരൂര്‍ക്കട: യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാളെ ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തു. ആറ്റുകാല്‍ പടശ്ശേരിയില് ചാത്തന് സജീവ് എന്നുവിളിക്കുന്ന സജീവ് (45) ആണ് അറസ്റ്റിലായത്. ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ആറ്റുകാല്‍ സ്വദേശി കുട്ടന് എന്നുവിളിക്കുന്ന രാഹുല്‍ (38) ആണ് കത്രിക കൊണ്ട് തുടയില്‍ കുത്തേറ്റ് ഫോര്‍ട്ട് താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവദിവസം ആറ്റുകാല്‍ ബണ്ടുറോഡിനു സമീപം പടശ്ശേരിയിലെ സജീവിന്റെ വീട്ടിലിരുന്ന് ഇരുവരും മദ്യപിക്കുകയായിരുന്നു.
മദ്യലഹരിയില്‍ വാക്കുതര്‍ക്കമുണ്ടാകുകയും അരയില്‍ സൂക്ഷിച്ചിരുന്ന കത്രിക ഉപയോഗിച്ച് സജീവ് സുഹൃത്തായ രാഹുലിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. കുത്തേറ്റ രാഹുല്‍ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കൃത്യം നടത്തിയശേഷം സജീവ് ഒളിവില്‍പ്പോയി.
ഇയാള്‍ വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഫോര്‍ട്ട് സിഐ വി.ആര്. ശിവകുമാര്‍, എസ്ഐ അനു എസ്. നായര്‍, എഎസ്ഐ അജി എന്നിവര്‍ ചേര്‍ന്നു പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സജീവിനെതിരേ 13 ക്രിമിനല്‍ക്കേസുകള്‍ വിവിധ സ്റ്റേഷനുകളിലായുണ്ട്.
ഇതുകൂടാതെ ഇയാള്‍ രണ്ടു കൊലപാതകക്കേസുകളിലും പ്രതിയാണ്. കരമന പോലീസ് സ്റ്റേഷനില്‍ ഗുണ്ടാനിയമ പ്രകാരം അറസ്റ്റിലായിട്ടുള്ളയാളാണ് കുത്തേറ്റ രാഹുല്‍. അറസ്റ്റിലായ സജീവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.