പൈപ്പ് പൊട്ടി മാന്‍ഹോളിലൂടെ ജലം പാഴാകുന്നു
1591326
Saturday, September 13, 2025 6:41 AM IST
പേരൂര്‍ക്കട: പൈപ്പ് പൊട്ടി മാന്‍ഹോളിലൂടെ ജലം പാഴാകുന്നതിനാല്‍ വലിയശാല വാര്‍ഡിലെ ബാപ്പുജി നഗര്‍ മുളമൂട് ലെയിനില്‍ കുടിവെള്ളമില്ല. പ്രദേശത്തെ 250 കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്നത്. വെള്ളയമ്പലം ഒബ്സര്വേറ്ററിയില് നിന്നാണ് മുളമൂട് ലെയിനിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത്. ജനങ്ങളുടെ പരാതിയെത്തുടര്‍ന്ന് വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പൈപ്പ് പൊട്ടി മാന്‍ഹോളിലൂടെ വന്‍തോതില്‍ ജലം പാഴാകുന്നതായി കണ്ടെത്തുകയും ചെയ്തു.
മേട്ടുക്കടയില്‍ നിന്ന് ഇറങ്ങിവരുന്ന ഇടുങ്ങിയ റോഡാണ് മുളമൂട് ലെയിന്‍. അതുകൊണ്ടുതന്നെ പൈപ്പിന്റെ പണി ശ്രമകരമാണെന്നും വാഹനഗതാഗതം പൂര്‍ണമായി തടസപ്പെടുമെന്നും വാട്ടര്‍ അഥോറിറ്റി പറയുന്നു. അതേസമയം ഗതാഗതം കുറയുന്ന രാത്രിസമയത്ത് ജീവനക്കാര്‍ സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും എന്നാല്‍ മാത്രമേ ഏതുപൈപ്പാണ് പൊട്ടിയതെന്ന് അറിയാന്‍ സാധിക്കുകയുള്ളൂവെന്നും പാളയം സെക്ഷന്‍ എഇ അറിയിച്ചു.
പൈപ്പ് അറ്റകുറ്റപ്പണിക്കുവേണ്ടി റോഡ് കുഴിച്ച് പരിശോധന നടത്താന്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും വാട്ടര്‍ അഥോറിറ്റി ശ്രമം നടത്തിയില്ലെന്ന് വലിയശാല വാര്‍ഡ് കൗണ്‍സിലര്‍ എസ്. കൃഷ്ണകുമാര്‍ പറയുന്നു. അര്‍ധരാത്രി പിന്നിടുമ്പോള്‍ മാത്രം പൈപ്പിലൂടെ ലഭിക്കുന്ന വെള്ളം ശേഖരിച്ചുവച്ചാണ് അടുത്തദിവസം ഉപയോഗിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.