വായിൽ ടിഷ്യൂ പേപ്പർ തിരുകി : കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം: ദന്പതിമാർ അറസ്റ്റിൽ
1591569
Sunday, September 14, 2025 5:56 AM IST
പാറശാല : കരിങ്കല്ലില്‍ നവജാത ശിശുവിനെ വായില്‍ ടിഷ്യു പേപ്പര്‍ തിരുകി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദന്പതിമാർ അറസ്റ്റിൽ. തക്കല കരിങ്കലിനു സമീപം ബാലൂരില്‍ കാര്‍ത്തിക് (32), ഭാര്യ ബെനിറ്റ ജയ അന്നല് (21) എന്നിവരെയാണ് കരിങ്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
42 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ടിഷ്യൂ പേപ്പര്‍ വായിലും മൂക്കിലും തിരുകി കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. ദിണ്ടിഗല്ലില്‍ ഭര്‍ത്താവ് കാര്‍ത്തിക്കിനോടൊപ്പം താമസിച്ചു വരികയായിരുന്ന ബെനിറ്റ ജയ അന്നല് പ്രസവ ശുശ്രൂഷയുടെ ഭാഗമായാണു സ്വന്തം നാടായ കരിങ്കല്ലില്‍ എത്തുന്നത്. ദിണ്ടിഗല്ലില്നിന്ന് കാര്‍ത്തിക്ക് കഴിഞ്ഞദിവസം പുലര്‍ച്ചെ വീട്ടിലെത്തിയിരുന്നു.
എന്നാല്‍ കുഞ്ഞ് അനങ്ങാതെ കിടക്കുകയായിരുന്നതു ശ്രദ്ധയില്‍പ്പെട്ട കാര്‍ത്തിക്കിനോടു പാല് മണ്ടയില്‍ കയറിയതാണ് കാരണമെന്നു ബെനിറ്റ ജയ അന്നല് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചതായും കാര്‍ത്തിക് പോലീസിനു മോഴി നല്‍കിയിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ ബാലൂരിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കുഞ്ഞു മരിച്ചതായി സ്ഥിരീകരിക്കു കയായിരുന്നു.
ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തു അന്വേഷണം നടത്തിയതില്‍ ദുരൂഹത വര്‍ധിച്ചതിനാലാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കുഞ്ഞിന്റെ മൃതദേഹം ആശാരിപ്പള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴാണ് സംഭവം കൊലപാതകമാമെന്നു വ്യക്തമായത്.
കുഞ്ഞിന്റെ മൂക്കില്‍നിന്നും വായില്‍ നിന്നും ടിഷ്യൂ പേപ്പര്‍ കണ്ടെത്തിയതായും ഡോക്ടർമാർ അറിയിച്ചു. ഇതിനെത്തുടര്‍ന്ന്, കുളച്ചല്‍ എഎസ്പി സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. തുടര്‍ന്ന്, പോലീസ് ബെനിറ്റ ജയയെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി ചോദ്യം ചെയ്തു.
കുഞ്ഞു ജനിച്ചതുമുതൽ ഭർത്താവിനും തനിക്കുമിടയിൽ വഴക്കുകൾ നടന്നിരുന്നതായും കുഞ്ഞിനെ കൊന്നതായും യുവതി സമ്മതിച്ചെന്നു പോലീസ് അറിയിച്ചു. ജനിച്ച സമയം മുതൽ കുഞ്ഞിനോട് മാത്രമായി ഭർത്താവ് സ്നേഹം കാണിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
അതല്ല, പെണ്‍കുഞ്ഞായതിനാല്‍ കാര്‍ത്തിക് കുട്ടിയെ വകവരുത്തിയതായും പോലീസ് സംശയിക്കുന്നുണ്ട്. കൂടുതൽ ചോദ്യം ചെയ്യലുകൾ നടന്നുവരികയാണ്.