കുറവന്‍കോണം-വൈഎംആര്‍ റോഡില്‍ ശുചിമുറി മാലിന്യം ഒഴുകുന്നു
1575341
Sunday, July 13, 2025 7:08 AM IST
പേരൂര്‍ക്കട: കുറവന്‍കോണം-വൈഎംആര്‍ റോഡില്‍ സെപ്ടിക് ടാങ്ക് പൊട്ടി മലിനജലം ഒഴുകുന്നു. ഒരാഴ്ച മുമ്പാണ് ഇവിടെ സെപ്ടിക് ടാങ്ക് പൊട്ടിയത്. കുറവന്‍കോണം ജംഗ്ഷനില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെയാണ് സെപ്ടിക് ടാങ്കിന്റെ മേല്മൂടിക്കിടയിലൂടെ മലിനജലം ഒഴുകുന്നത്.
ഇത് ടാറിട്ട റോഡിലൂടെ ഒഴുകിപ്പരക്കുന്നത് 100 മീറ്ററോളം ദൂരത്തേക്കാണ്. ഇരുചക്ര വാഹനങ്ങളും കാറുകളും ഇതുവഴി നിരന്തരം സഞ്ചരിച്ച് റോഡ് കുഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഏകദേശം ഒരുമാസത്തിനു മുമ്പ് വൈഎംആര്‍ റോഡില്‍ സ്വീവേജ് പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്ന പണി നടത്തിയിരുന്നു. ഇതുമൂലം ഒരാഴ്ചയോളം റോഡ് അടച്ചിരുന്നു.
പണി കഴിഞ്ഞശേഷമാണ് സെപ്ടിക് ടാങ്ക് നിറഞ്ഞു പുറത്തേക്ക് മാലിന്യം ഒഴുകുന്നത്. പകല്‍സമയത്ത് വലിയപ്രശ്നമില്ലെങ്കിലും രാത്രികാലങ്ങളില്‍ മാലിന്യത്തില്‍ നിന്നുള്ള ദുര്‍ഗന്ധം വീടുകള്‍ വരെ എത്തുന്നതായി പരിസരവാസികള്‍ പറയുന്നു.
റോഡിലെ വളവുതിരിഞ്ഞ് കുറവന്‍കോണം ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ ടാങ്കിന്റെ മൂടിയില്‍ കയറുമ്പോള്‍ ജലം ഫുട്പാത്ത് വരെ തെറിച്ചുവീഴുന്നുമുണ്ട്. സ്വീവേജ് അധികൃതര്‍ ഇതുവരെയും നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നു കുറവന്‍കോണത്തെ വ്യാപാരികളും പറയുന്നു.