തോപ്പുമുക്ക് റോഡിൽ പൈപ്പ്പൊട്ടി; കുടിവെള്ളം മുടങ്ങി
1460526
Friday, October 11, 2024 6:21 AM IST
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് തോപ്പുമുക്കില്‍ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് താറുമാറായി. പ്രദേശത്ത് ജലവിതരണം മുടങ്ങി. ഇന്നലെ രാവിലെ 10നായിരുന്നു പൈപ്പ് പൊട്ടിയത്.
110 എംഎംഎസി (ആസ്ബസ്റ്റോസ് സിമന്റ്) പൈപ്പാണ് പൊട്ടിയത്. ഒരാഴ്ചയായി പ്രദേശത്ത് പൈപ്പ് പൊട്ടി ജലം പാഴായിക്കൊണ്ടിരിക്കുകയായിരുന്നു. നാട്ടുകാർ പിടിപി നഗര്‍ സെക്ഷനില്‍ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് ആരോപണമുണ്ട്. തുടര്‍ന്നാണ് ഇന്നലെ വന്‍ശബ്ദത്തില്‍ പൈപ്പ് പൂർണമായും പൊട്ടിയത്. പൈപ്പ് പൊട്ടിയതോടെ റോഡും തകരുകയായിരുന്നു.
ഇതോടെ ഏറെ നേരം പ്രദേശത്ത് ഗതാഗതം തടസപ്പെടുകയും ചെയ്തു. റോഡില്‍ 200 മീറ്ററോളം ജലം പരന്നൊഴുകിയതാണ് വാഹനയാത്ര തടസപ്പെടുത്തിയത്.
വിവരം അറിയിച്ചതിനെ തുടർന്ന് അധികൃതരെത്തി ജെസിബി ഉപയോഗിച്ച് കുഴിച്ച് അറ്റകുറ്റപ്പണി ആരംഭിച്ചു . വൈകുന്നേരം മൂന്നോടെയാണ് പണി പൂര്‍ത്തീകരിച്ച് പമ്പിംഗ് പുനരാരംഭിച്ചത്.
പൈപ്പ് പൊട്ടിയതുമൂലം സെക്ഷന്‍ പരിധിയില്‍ വരുന്ന തോപ്പുമുക്ക്, വട്ടിയൂര്‍ക്കാവ്, കാവല്ലൂര്‍, വാഴോട്ടുകോണം, കടിയക്കോണം തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ കുടിവെള്ളം മുടങ്ങി. രാത്രി പത്തോടെയാണ് ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലം ലഭ്യമായത്.