വാർത്തയുടെ ജനകീയ ശബ്ദം നിലച്ചു
1459300
Sunday, October 6, 2024 5:54 AM IST
ഇന്ദിരാഗാന്ധിയുടെ ചരമ വാർത്തയും പെരുമൺ ദുരന്ത വാർത്തയും മലയാളി കേട്ടത് ഈ ശബ്ദത്തിൽ
തിരുവനന്തപുരം: റേഡിയോ വാർത്തയെ ജനകീയമാക്കി മാറ്റിയ ശബ്ദ സൗകുമാര്യത്തിന്റെ മറുപേ രായിരുന്നു "എം. രാമചന്ദ്രൻ' "ആകാശവാണി... വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ' എന്ന ആമുഖത്തേടെ അദ്ദേഹം വാർത്താവതരണത്തിന് പുതിയ മാതൃക സൃഷ്ടിച്ചു. മൂന്നു പതിറ്റാണ്ടു കാലം വാർത്ത അറിയാൻ മലയാളിയെ റേഡിയോയ്ക്ക് അരികിൽ ഇരുത്തിയ മാന്ത്രിക ശബ്ദം. ഇന്ദിരാ ഗാന്ധിയുടെ മരണം, പെരുമൺ ദുരന്തം ഉൾപെടെ അനവധി നിരവധി വാർത്തകൾ മലയാളി കേട്ടറിഞ്ഞത് ഈ ശബ്ദത്തിലൂടെയാണ്.
രാമചന്ദ്രന്റെ റേഡിയോ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത വാർത്തകളിൽ ഒന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധമായിരുന്നു. 1984 ഒക്ടബോർ 31നു രാവിലെയാണ് ഇന്ദിരാഗാന്ധി ക്കു വെടിയേറ്റതെങ്കിലും വൈകുന്നേരം 6.15 നു മാത്രമാണ് ആകാശവാണി മരണ വാർത്ത പുറത്തുവിട്ടത്.
കേന്ദ്രം മരണവിവരം പുറത്തുവിടാത്തതിനാലായിരുന്നു അത്. മരണവിവരം നേരത്തെ അറിഞ്ഞ രാമചന്ദ്രൻ ഇന്ദിരാവധം പ്രധാന വാർത്തയാക്കിയും അതില്ലാതെയും രണ്ടു ബുള്ളറ്റിനുകൾ തയാറാക്കിയിരുന്നു. വൈകുന്നേരം ആറിന് ആകാശവാണി ഇംഗ്ളീഷ് വാർത്തയിൽ മരണവിവരം പുറത്തവിട്ടു. പിന്നാലെ 6.15ന് രാമചന്ദ്രനിലൂടെ മലയാളികളും ഇന്ദിരയുടെ മരണവാർത്തയറിഞ്ഞു.
പെരുമൺ തീവണ്ടി അപകടം മലയാളി ആദ്യമായി അറിഞ്ഞതും രാമചന്ദ്രന്റെ ശബ്ദത്തിലൂടെ ആയിരുന്നു. ടെലിവിഷനും ഇൻറർനെറ്റും വരുന്നതിനു മുൻപ് റേഡിയോയിലെ സൂപ്പർസ്റ്റാറായിരുന്നു രാമചന്ദ്രൻ. ഞായറാഴ്ചകളിൽ അദ്ദേഹം അവതരിപ്പിച്ചിരുന്ന കൗതുക വാർത്തകൾ കേൾക്കാൻ ശ്രോതാക്കൾ കാത്തിരുന്നു. തിരുവനന്തപുരത്ത് കോളജ് വിദ്യാർഥിയായിരിക്കുന്ന കാലത്ത് കോളജിൽ നടന്ന വാർത്ത വായന മത്സരത്തിൽ പങ്കെടുത്തതിലൂടെയാണ് റേഡിയോ എന്ന സ്വപ്നം രാമചന്ദ്രന് കൂട്ടാകുന്നത്.
പിന്നീട് ഇലക്ട്രിസിറ്റി ബോർഡിൽ ജോലി കിട്ടിയെങ്കിലും ഡൽഹി ആകാശവാണിയിൽ നിന്നും വിളിവന്നപ്പോൾ രാമചന്ദ്രൻ ഒട്ടും സംശയിക്കാതെ ആകാശവാണി തെരഞ്ഞെടുത്തു. പിന്നീട് ആകാശവാണി കോഴിക്കോട്, തിരുവനന്തപുരം നിലയങ്ങളിലും ജോലി ചെയ്ത അദ്ദേഹം മൂന്ന് പതിറ്റാണ്ടിലേറെ വാർത്തകൾക്കൊപ്പം സഞ്ചരിച്ചു.