വീരണകാവ് വില്ലേജ് ഓഫീസ് തറക്കല്ലിടൽ വിവാദത്തിലേക്ക്
1458613
Thursday, October 3, 2024 4:38 AM IST
കാട്ടാക്കട: കാട്ടാക്കടയിൽ പ്രവർത്തിക്കുന്ന വീരണകാവ് വില്ലേജ് ഓഫീസ് തറക്കല്ലിടൽ വിവാദത്തിലേക്ക്്. അരനൂറ്റാണ്ടിലേറെയായി വീരണകാവ് വില്ലേജാഫീസ് മാറ്റുന്നതിൽ വ്യാപകമായ പ്രതിഷേധമുണ്ട്. കാട്ടാക്കട പൊതു ചന്തവളപ്പിലാണ് വീരണകാവ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. ജീർണാവസ്ഥയിലായിരുന്ന വില്ലേജാഫീസ് മന്ദിരം കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് പൊളിച്ച് പുതിയ കെട്ടിടം നിർമിച്ചത്.
പരുത്തിപ്പള്ളി തേമ്പാമൂട് മുതൽ കാട്ടാക്കട കോളജ് ജംഗ്ഷൻ വരെ നീണ്ടു കിടക്കുന്നതാണു വീരണകാവ് വില്ലേജ്. ജനങ്ങളുടെ സൗകര്യവും ഭരണസൗകര്യവും നിലവിൽ വീരണകാവ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നിടത്താണ്. വില്ലേജാഫീസിനോടു ചേർന്നാണ് കാട്ടാക്കട മിനി സിവിൽ സ്റ്റേഷൻ.
സിവിൽ സ്റ്റേഷനിലാണ് താലൂക്കാഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, സിവിൽ സ്പൈളെ ഓഫീസ്, എംപ്ലോയ്മെന്റ് എക്സേഞ്ച് തുടങ്ങിയവ പ്രവർത്തിക്കുന്നത്. നിലവിലുള്ള വീരണകാവ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന ഭൂമി പെരുംകുളം വില്ലേജിലാണെന്നാണു പുതിയ കെട്ടിടം നിർമിക്കാൻ നേതൃത്വം നൽകുന്നവരുടെ വിശദീകരണം.
എന്നാൽ വീരണകാവ് വില്ലേജ് ഓഫീസ് നിലവിൽ പ്രവർത്തിക്കുന്നിടത്തുനിന്നു മാറ്റനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പന്നിയോട്, തേവൻകോട്, തേമ്പാമൂട്, പരുത്തിപ്പള്ളി, പേഴുംമൂട്, പൂവച്ചൽ, പുന്നാംകരിക്കകം, കാട്ടാക്കട, എസ്എൻ നഗർ പ്രദേശത്തുള്ള നാട്ടുകാരും റസിഡൻസ് അസോസിയേഷനുകളും ചേർന്നു സമരം നടത്തുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
വസ്തുവിലും വിവാദം
മഠത്തികോണത്താണ് പുതിയ കെട്ടിടത്തിന് ഇന്ന് തറക്കല്ലിടൽ നടക്കുന്നത്. ഈ വസ്തുവിലും തർക്കം നിലവിലുണ്ട്. പുരയിടം തങ്ങളുടെ അധീനതയിൽ 100 വർഷമായി കരം തീരുവ ഉള്ളതാണെന്നും റബ്ബർ കൃഷി നടത്തി വരുന്നതാണെ ന്നും പൂർവികരിൽ നിന്നും കൈമാറ്റം ചെയ്തു ലഭിച്ച താണെന്നും ഇപ്പോ ഴത്തെ ഉടമ ബിന്ദു മോഹൻദാസ് പറയുന്നു.
അഞ്ചു സെന്റോ ളം വരുന്ന വസ്തു ചിലരുടെ ഒത്താശയോടെ സർക്കാ ർ ഭൂമിയാക്കിയാണ് വില്ലേജ് ഓഫീസ് നിർമാ ണം നടത്താൻ പോകുന്നത് എന്ന് ഉടമ ബിന്ദു മോഹൻദാസും ഭർത്താവ് മോഹൻദാസും പറയുന്നു.
തങ്ങളുടെ അറിവില്ലാതെ ഈ പുരയിടത്തിൽ പ്രവർത്തികൾ പാടില്ലെന്നു ഹൈക്കോടതിയിൽനിന്നും ഇടക്കാല ഉത്തരവും ഉടമ വാങ്ങിയിട്ടുണ്ട്. എന്നാൽ ഇത് അവഗണിച്ചും മറച്ചുവച്ചുമാണു സിപിഐയുടെ മണ്ഡലം പ്രസിഡന്റ് മുൻവൈരാഗ്യം തീർക്കുന്നതെന്നും മോഹൻദാസും ഭാര്യയും പറയുന്നു. അരകോടിയോളം രൂപ ചെലവിലാണ് വില്ലേജ് കെട്ടിടം നിർമിക്കുന്നത്.