എസ്എടി ആശുപത്രിയിലെ സംഭവം മനുഷ്യാവകാശ ലംഘനം: മന്ത്രി രാജിവയ്ക്കണമെന്ന് വി.എസ്. ശിവകുമാര്‍
1458020
Tuesday, October 1, 2024 6:18 AM IST
തിരുവനന്തപുരം: കഴിഞ്ഞ ദിവസം എസ്എടി ആശുപത്രിയില്‍ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടത്തിനെ തുടര്‍ന്നു രോഗികളും കൂട്ടിരുപ്പുക്കാരും അനുഭവിച്ച മാനസിക പിരിമുറുക്കവും ബുദ്ധിമുട്ടും ഒരു രീതിയിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി വീണാ ജോര്‍ജ് രാജി വയ് ക്കണമെന്നും മുന്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍.
നഗരസഭ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സൂപ്രണ്ട് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു വി.എസ്. ശിവകുമാര്‍. റഫറല്‍ ആശുപത്രിയായ എസ്എടിയില്‍ നൂറു കണക്കിനു ഗര്‍ഭിണികളും അമ്മമാരും നവജാത ശിശുക്കളും അനുഭവിക്കേണ്ടി വന്ന യാതനകള്‍ തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ്.
സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജി വയ്ക്കുകയാണ് വേണ്ടത്. വൈദ്യുതി ഇല്ലാതായപ്പോള്‍ പരമാവധി അര മണിക്കൂര്‍ കൊണ്ട് പരിഹാരം കാണാമായിരുന്ന സംഭവം കെഎസ്ഇബിയും പി ഡബ്ല്യൂഡിയും തമ്മിലുള്ള തര്‍ക്കം മൂലമാണ് നീണ്ടുപോയത്. രണ്ടു ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കാതായിട്ട് മാസങ്ങളായി. വൈദ്യുതി പോയപ്പോള്‍ ഐസിയുവിലും ലേബര്‍ റൂമിലും മൊബൈല്‍ ഫോണ്‍ ടോര്‍ച്ചിന്റെ പ്രകാശവും, മെഴുകുതിരി പ്രകാശവും ഉപയോഗിച്ചാണ് ഡോക്ടര്‍മാരും നേഴ്സുമാരും അത്യാവശ്യം കാര്യങ്ങള്‍ നിര്‍വഹിച്ചത്.
സമയബന്ധിതമായി ഇടപെടേണ്ട ആരോഗ്യ വകുപ്പ് നോക്കുകുത്തിയായി മാറി. ആരോഗ്യ മേഖലയാകെ ചോദിക്കാനും പറയാനും ആളില്ലാത്ത സ്ഥിതിയാണെന്നും ശിവകുമാര്‍ ആരോപിച്ചു. നഗരസഭ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി. പത്മകുമാര്‍ അധ്യക്ഷനായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ലീഡര്‍ ജോണ്സന് ജോസഫ്, കൗണ്‍സിലര്‍മാരായ ആക്കുളം സുരേഷ്, മേരി പുഷ്പം, സെറാഫിന് ഫ്രെഡി, മിലാനി പെരേര തുടങ്ങിയവര്‍ പ്രസംഗിച്ചു.