വനിതകളുടെ തൊഴിൽസംരംഭം "രാജശ്രീ' ഉദ്ഘാടനം ചെയ്തു
1452767
Thursday, September 12, 2024 6:34 AM IST
തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ സർവീസിൽനിന്ന് വിരമിച്ചവരും തൊഴിലാളി പ്രവർത്തകരും പഠിതാക്കളും ചേർന്നുള്ള പഠിപ്പിനെപ്പം തൊഴിൽ എന്ന ലക്ഷ്യത്തോടെ തലസ്ഥാനത്ത് ആരംഭിച്ച വനിതകളുടെ തൊഴിൽ സംരംഭം "രാജശ്രീ' ഐഎൻടിയുസി ജില്ലാ പ്രസിഡന്റും അഖിലേന്ത്യാ സെക്രട്ടറിയുമായ വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു.
ജിഎസ്ടി വകുപ്പിൽ നിന്നും വിരമിച്ച എസ്. ശ്രീകലയാണു സേവന പഠന പദ്ധതി ലക്ഷ്യമിട്ടുള്ള ഐടി സംരംഭത്തിന് നേതൃത്വം നൽകുന്നത്. ജിഎസ്ടി, ടാക്സ് പ്രാക്ടീസ് ഉൾപ്പടെ ഐടി സംവിധാനം ഉപയോഗിച്ചുള്ള നാനാ തുറകളിൽപ്പെട്ട സേവന പ്രവർത്തനങ്ങളും പഠനവും പഠനത്തോടൊപ്പം തൊഴിൽ പരിശീലനവുമാണ് കരമനയിലാരംഭിച്ച സ്ത്രീകളുടെ സംരംഭമായ "രാജശ്രീ' അസോസിയേറ്റ്സിന്റെ ലക്ഷ്യം. എം.എസ്. നാസറുദ്ദീൻ അധ്യക്ഷനായി.
നിർമാണ തൊഴിലാളി ക്ഷേമ ബോർഡംഗം കെ.പി. തമ്പി കണ്ണാടൻ, എസ്.എസ്. റോഷ്നി ദേവി, രാജി ശിവകുമാർ, എം.എസ്. നസീർ, ഡോ. സി.വി. ജയകുമാർ, കരമന രാജൻ, എം.എസ്. താജുദ്ദീൻ, ജയകുമാരി ശോഭന, ആർ. സുഗതൻ, ജോണി ജോസ് നാലപ്പാട് എന്നിവർ പ്രസംഗിച്ചു.