കെഎസ്യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; കേരള സര്‍വകലാശാല ആസ്ഥാനം യുദ്ധക്കളം
1452759
Thursday, September 12, 2024 6:34 AM IST
തിരുവനന്തപുരം: കേരളാ സര്‍വകലാശാല സെനറ്റിലേക്കും യൂണിയനിലേക്കും നടന്ന തെരഞ്ഞെടുപ്പുകളെത്തുടര്ന്നുണ്ടായ സംഘര്‍ഷത്തില്‍ യുദ്ധക്കളമായി മാറി കേരള സര്‍വകലാശാല ആസ്ഥാനം.
ബാലറ്റ് പേപ്പര്‍ മോഷ്ടിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് കെഎസ്യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറും പട്ടികകൊണ്ട് അടിയും ഉണ്ടായി. സെനറ്റ് ഹാളിലെ ഫര്ണീച്ചറുകള്ക്കും കേടുപാടു സംഭവിച്ചു.
മേശകളും കസേരകളും ഇരുവിഭാഗവും പരസ്പരം വലിച്ചെറിയുകയായിരുന്നു. ഇതിനിടെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പറുകള്‍ കീറിയെറിഞ്ഞു. കല്ലേറില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ കാമറയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. സെനറ്റ് ഹാളിനു പുറത്തും എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നു.
അക്രമത്തിന്റെ ആദ്യഘട്ടത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് സെനറ്റ് ഹാളില്‍നിന്നും പുറത്താക്കിയിരുന്നു. ഇതിനിടെ സെനറ്റ് ഹാളിന്റെ വാതില്‍ തകര്‍ത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അകത്തു കടക്കാന്‍ ശ്രമിച്ചത് പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷത്തിന് ഇടയാക്കി.
സംഘര്‍ഷത്തെ തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു. ഇതിനുപിന്നാലെ കെഎസ്യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കാനുള്ള പോലീസിന്റെ ശ്രമവും സംഘര്‍ഷത്തിന് ഇടയാക്കി. രണ്ടു പോലീസ് വാഹനങ്ങളിലായി കെഎസ്യു പ്രവര്‍ത്തകരെ എആര്‍ ക്യാമ്പിലേക്കുനീക്കി. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഹാളിനു പുറത്ത് മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാലപ്പടക്കം പൊട്ടിച്ചെറിഞ്ഞതും സംഘര്‍ഷത്തിന് ആക്കംകൂട്ടി.
ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടുസീറ്റില്‍ വിജയിച്ച കെഎസ്യുവിന്റെ മുന്നേറ്റത്തില്‍ വിറളി പിടിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് കെഎസ്യു പ്രവര്‍ത്തകര്‍ ആരോപിച്ചു. എസ്എഫ്ഐ വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്്.എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി നടത്തിയ അക്രമമാണ് ഇതെന്നും കെഎസ്യു, എംഎസ് എഫ് നേതാക്കള്‍ പറഞ്ഞു.
170 കോളജ് യൂണിയന് കൗണ്സിലര്മാര്ക്കായിരുന്നു ഇന്നലെ നടന്ന സെനറ്റ് തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുണ്ടായിരുന്നത്. 10 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. 24 പേരാണ് മത്സരംഗത്തുണ്ടായിരുന്നത്. 158 പേര് വോട്ട് ചെയ്തു. ആദ്യ റൗണ്ടില്‍ 17 വോട്ട് ലഭിച്ച സല്മാന്, 15 വോട്ട് ലഭിച്ച സിന്‍ജോ എന്നിവര്‍ വിജയിച്ചു.
എംഎസ്എഫിന്റെ ഒരു സ്ഥാനാര്‍ഥിക്ക് 10 വോട്ട് ലഭിച്ചു. കെഎസ്യുവിന്റെ ഒരു വനിതാ സ്ഥാനാര്‍ഥി അമൃതപ്രിയക്ക് ഏഴ് വോട്ടുകള്‍ ലഭിച്ചു. അതേസമയം എസ്എഫ്ഐയുടെ രണ്ട് സ്ഥാനാര്‍ഥികളുടെ വോട്ട് പൂജ്യം ആയിരുന്നു.
സെക്കന്‍ഡ് വോട്ടുകള്‍ കൂടി എണ്ണിയാല്‍ കെഎസ്യുവിന്റെ രണ്ട് സ്ഥാനാര്‍ഥികള്‍ക്കും എംഎസ്എഫ് സ്ഥാനാര്‍ഥിക്കും വിജയസാധ്യതയുണ്ടായിരുന്നു. ഈ ഘട്ടമെത്തിയപ്പോഴാണ് എസ്എഫ്ഐ അക്രമം തുടങ്ങിയതെന്നാണ് കെഎസ്യുവിന്റെ ആരോപണം. അതേസമയം കെഎസ്യു പ്രവര്‍ത്തകര്‍ ബാലറ്റുകള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതാണ് അക്രമത്തിനു കാരണമായതെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്.
യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പില്‍ പ്രധാന സ്ഥാനങ്ങളില്‍ എസ്എഫ്ഐ വിജയിച്ചെങ്കിലും സംഘട്ടനത്തില്‍ ബാലറ്റുകളും കൗണ്ടിംഗ് ഷീറ്റും നഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതായാണ് വിവരം. രാത്രി വൈകിയും വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.