മന്ത്രിയുടെ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ ഫ്യൂസ് ഊരി മെമ്പർ
1452501
Wednesday, September 11, 2024 6:27 AM IST
പോത്തൻകോട്: മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനത്തിനു പിന്നാലെ ഫ്യൂസ് വാർഡംഗം ഊരി..! മന്ത്രി ഉദ്ഘാടനം ചെയ്യാത്തതിലുള്ള വിഷമത്തിലാണ് ഫ്യൂസ് ഊരിയതെന്നു വാർഡംഗം.
മന്ത്രി ജി.ആർ.അനിലിന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചു നിർമിച്ച ലൈറ്റിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ജില്ലാപഞ്ചായത്തംഗം കെ. വേണുഗോപാലൻ നായർ നിർവഹിച്ചിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞു സിപിഐക്കാരനായ വാർഡംഗം തന്നെ ഫ്യൂസ് ഊരിക്കൊണ്ടുപോവുകയായിരുന്നു.
പോത്തൻകോട് പഞ്ചായത്തിലെ വാവറ അമ്പലം വാർഡിലെ ചെറുവല്ലിയിൽ ഞായറാഴ്ച്ചയായിരുന്നു സംഭവം നടന്നത്. പോത്തൻകോട് പഞ്ചായത്തിലെ വാവറയമ്പലം വാർഡിൽ ചെറുവല്ലി മുസ്ലിം ജമാഅത്തിന്റെ മുന്നിൽ കഴിഞ്ഞ മാർച്ചിലാണ് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. എന്നാൽ പല കാരണങ്ങളാൽ ലൈറ്റിന്റെ ഉദ്ഘാടനം വൈകുകയായിരുന്നു.
ഒടുവിൽ കഴിഞ്ഞ ദിവസം മന്ത്രിയുടെ നിർദേശപ്രകാരം ജില്ലാപഞ്ചായത്തംഗം കെ. വേണുഗോപാലൻ നായർ ലൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. എന്നാൽ ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ ഉദ്ഘാടനം കഴിഞ്ഞതിനു പിന്നാലെ സിപിഐക്കാരനായ പഞ്ചായത്തംഗം അബിൻദാസ് ആറുമണിയോടെ ഇവിടെയെത്തി ഫ്യൂസ് ഊരികൊണ്ടുപോയത് നാട്ടുകാരിൽ ആശ്ചര്യം ജനിപ്പിച്ചു.
ഇതറിഞ്ഞ ഇടതു പ്രവർത്തകർ പഞ്ചായത്തംഗത്തിന്റെ വീട്ടിലെത്തി ഫ്യൂസ് തിരികെയെടുത്തു കൊണ്ടുവന്നു സ്ഥാപിച്ചു. എന്നാൽ രാത്രി പതിനൊന്നുമണിയോടെ വാർഡംഗം മറ്റൊരു സുഹൃത്തുമായി സ്ഥല ത്തെത്തി ഫ്യൂസ് വീണ്ടും ഊരിക്കൊണ്ടുപോവുകയായിരുന്നു.
ഉദ്ഘാടനത്തിനു പിന്നാലെ തന്നെ വാർഡംഗം ഫ്യൂസ് ഊരി കൊണ്ടുപോയതിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജമാഅത്ത് കമ്മിറ്റി പോത്തൻകോട് പോലീസിൽ പരാതി നൽകി. എന്നാൽ മന്ത്രി ഉദ്ഘാടനത്തിനെത്താത്തതിന്റെ മാനസിക വിഷമം കാരണമാണ് താൻ ഫ്യൂസ് ഊരിയതെന്ന് അബിൻദാസ് പറഞ്ഞു. ഉദ്ഘാടനത്തിന് പലതവണ എത്താമെന്നു മന്ത്രി വാഗ്ദാനം ചെയ്തിരുന്നുവെ ങ്കിലും എത്തിയിരുന്നില്ല.