ദളിത് ക്രൈസ്തവർ രാജ്ഭവൻ മാർച്ചും ധർണയും നടത്തി
1443979
Sunday, August 11, 2024 6:34 AM IST
തിരുവനന്തപുരം: മതത്തിന്റെ പേരിൽ ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റിൽ നിന്നും ഒഴിവാക്കിയ 1950 ഓഗസ്റ്റ് 10 ലെ പ്രസിഡഷൽ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കൗണ്‍സിൽ ഓഫ് ദളിത് ക്രിസ്ത്യൻസ്, കേരള കൗണ്‍സിൽ ഓഫ് ചർച്ചസ്, ദളിത് കത്തോലിക്കാ മഹാജനസഭ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ചും ധർണയും നടത്തി.
ഭരണഘടനയ്ക്കു വിരുദ്ധമായ പ്രസിഡൻഷൽ ഉത്തരവ് പിൻവലിച്ച് ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ഉദ്ഘാടനം ചെയ്ത സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോണ്‍ വില്യം പോളിമെറ്റ്ല ആവശ്യപ്പെട്ടു. സിഡിസി ചെയർമാൻ എസ്.ജെ. സാംസണ് അധ്യക്ഷത വഹിച്ചു. കെസിസി ജനറൽ സെക്രട്ടറി അഡ്വ. ഡോ. പ്രകാശ് പി. തോമസ്, ബൈബിൾ ഫെയ്ത് മിഷൻ ബിഷപ് ഡോ. സെൽവദാസ് പ്രമോദ്, കെസിസി രക്ഷാധികാരി ഫാ.ജോണ്‍ അരീക്കൽ,
റവ. എൽ.ടി. പവിത്രസിംഗ്, ലെഫ്.കേണൽ സജു ഡാനിയേൽ, എബനേസർ ഐസക്, അഡ്വ. കെ.ആർ.പ്രസാദ്, ഡിസിഎംഎസ് രൂപത പ്രസിഡന്റ് സജിമോൻ, ജോയ് പോൾ, ലെഫ്.കേണൽ.എൻ.ഡി. ജോഷ്വ, റവ.വൈ. ലാലു, ടി.ജെ. മാത്യു, ജോർജ് എസ്.പളളിത്തറ, എലിസബത്ത് ജോയി, എസ്. ധർമരാജ്, റവ.എഡ്മണ്ട് റോയി എന്നിവർ പ്രസംഗിച്ചു. മ്യൂസിയം പരിസരത്തു നിന്നു പ്രകടനമായെത്തിയാണ് പ്രവർത്തികർ ധർണ നടത്തിയത്.