വെട്ടേറ്റ് ചികിത്സയിലായിരുന്ന കൊലക്കേസ് പ്രതി മരിച്ചു
1443976
Sunday, August 11, 2024 6:34 AM IST
തിരുവനന്തപുരം: ശ്രീകാര്യത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന കൊലക്കേസ് പ്രതി മരിച്ചു. ഗുണ്ടാ കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ്. വട്ടപ്പാറ കുറ്റ്യാടി സ്വദേശി വെട്ടുകത്തി ജോയി എന്ന് വിളിയ്ക്കുന്ന ജോയി (41) ആണ് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ രണ്ടരയോടെ മരിച്ചത്.
വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ പൗഡിക്കോണം സൊസൈറ്റി ജംഗ്ഷനു സമീപം വച്ചായിരുന്നു ജോയിയെ കാറിലെത്തിയ അക്രമി സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. കാലുകൾക്ക് ഉൾപ്പെടെ ഗുരുതരമായി വെട്ടേറ്റ് റോഡിൽ ര്ക്തം വാർന്ന് കിടന്ന ഇയാളെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ശ്രീകാര്യം പോലീസാണ് മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജോയിയെ കാപ്പ നിയമപ്രകാരം ജയിലിൽ അടച്ചിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ജയിൽ മോചിതനായത്. പൗഡിക്കോണം വിഷ്ണു നഗറിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.
കൂലിക്ക് ഓട്ടോ ഓടിക്കുകയായിരുന്ന ജോയിയെ കഴിഞ്ഞ ദിവസം രാത്രിയിൽ ഓട്ടോ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് കാറിലെത്തിയ അക്രമി സംഘം ആക്രമണം നടത്തിയത്. വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് പ്രതികൾ ഇയാളെ വെട്ടിപ്പരിക്കേൽപ്പിച്ചതെന്ന് ശ്രീകാര്യം പോലീസിനോട് നാട്ടുകാർ മൊഴി നൽകി.
ഓട്ടോറിക്ഷയും അടിച്ച് തകർത്തിരുന്നു. കൃത്യത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചെന്നും ഗുണ്ടാ കുടിപ്പകയും പൂർവ വൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
വട്ടപ്പാറ സ്വദേശികളായവരാണ് പ്രതികളെന്നാണ് പോലീസിനു ലഭിച്ച വിവരം. ഇവർ ഒളിവിലാണ്. ഒളിവിൽ പോയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചുവെന്നും പ്രതികളെ ഉടൻ പിടികൂടാനാകുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
പെട്ടെന്ന് ദേഷ്യം വരികയും ആക്രമണ സ്വഭാവവുമുള്ളയാളാണ് ജോയിയെന്നും ഇയാൾ എപ്പോഴും വെട്ടുകത്തി കൈവശം സൂക്ഷിക്കുകയും എതിർ അഭിപ്രായം പറയുന്നവർക്ക് നേരെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തുന്ന സ്വഭാവം ഉള്ളതിനാലാണ് ഇയാളെ വെട്ടുകത്തി ജോയി എന്ന് വിളിയ്ക്കുന്നതെന്നാണ് പോലീസ് പറയുന്നത്.
പോത്തൻകോട്, വട്ടപ്പാറ, വെഞ്ഞാറമൂട് ഉൾപ്പെടെയുള്ള പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.